തിരുവനന്തപുരം : ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാകും. ഇന്നു രാവിലെ ചേര്‍ന്ന ഉന്നതതല കമ്മിറ്റിയാണ് നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് മണികുമാറിന്റെ നിയമനം. എന്നാല്‍ മണികുമാറിന്റെ നിയമനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും അനുകൂലിച്ചു. മൂന്നംഗ സമിതിയില്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തോടെയാണ് നിയമനം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും അടുത്തിടെയാണ് ജസ്റ്റിസ് മണികുമാര്‍ വിരമിച്ചത്. തമിഴ്നാട് സ്വദേശിയാണ്. ജസ്റ്റിസ് മണികുമാറിനെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാടാണ് ജസ്റ്റിസ് മണികുമാര്‍ സ്വീകരിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. വിരമിച്ചപ്പോള്‍ ജസ്റ്റിസ് മണികുമാറിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്കിയതും വിവാദമായിരുന്നു.