കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ഇന്ന് ചേരും. പൊതുതാൽപര്യ ഹർജി ഉൾപ്പെടെ ആറ് ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ട ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ടും അനുബന്ധ രേഖകളും സർക്കാർ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. പൊതുതാത്പര്യ ഹർജി പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ആണ് സമ്പൂർണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സർക്കാറിന് നിര്‍ദേശം നല്‍കിയത്.
ഹൈക്കോടതി കക്ഷിചേർത്ത വനിതാ കമ്മീഷന് പുറമേ, നടി രഞ്ജിനിയും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് എം. പുതുശ്ശേരി സമർപ്പിച്ച ഹർജിയിൽ മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ. ആസഫലി ഹാജരാകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകരായ ജന്നത്, അമൃത എന്നിവർ നൽകിയ ഹർജിയും പ്രത്യേക ബഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.എസ് സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.