ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യം മുതലെ രാഷ്ട്രീയം കളിക്കാനും തന്ത്രപരമായ സമീപനം കൈക്കൊള്ളാനുമുള്ള ശ്രമമാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും വലിയ കുഴപ്പത്തില്കൊണ്ടുചെന്ന് ചാടിച്ചതെന്ന് വ്യക്തമാകുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല .വിവരാവകാശ കമ്മീഷര്ണര് ഡോ. അബ്ദുള്‍ഹക്കിം എടുത്ത കടുത്ത നിലപാടാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന കമ്മീഷന് ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അറസ്റ്റു വാറണ്ടയക്കേണ്ടിവരുമെന്ന നിലപാട് കൈക്കൊണ്ടതോടെയാണ് കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവിടാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. ഇതിനെതിരെ ഒരു നടിയടക്കമുളളവര് ഹൈക്കോടതിയില്‍ പോയെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഹൈക്കോടതിയും പറഞ്ഞു.
മലയാള സിനിമാലോകത്തെ വരുതിയില്‍ നിര്‍ത്താനും രാഷ്ട്രീയമായി ഉപയോഗിക്കാനുമുള്ള സിപിഎമ്മിന്റെ ലക്ഷ്യമായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ടില്‍ നാല് വര്‍ഷം അടയിരുന്നതിന് പിന്നിലെ ഉദ്ദേശമെന്ന് സിപിഎം നേതാക്കള്‍ തന്നെ സൂചന നല്കുന്നു. അടുത്ത തെരെഞ്ഞെടുപ്പിലടക്കം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം സിപിഎമ്മിന്റെ പ്രചാരണസംവിധാനത്തില് ഉപയോഗിക്കാമെന്നുള്ള ലക്ഷ്യവും പാര്‍ട്ടിക്കും സര്ക്കാരിനുമുണ്ടായിരുന്നുവെന്നുവത്രെ. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വച്ചുകൊണ്ട് മലയാള സിനിമാ ലോകത്തെ ഒന്നടങ്കം വരുതിയില്‍ നിര്‍ത്തി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമമാണ് ഇപ്പോള്‍ തിരിച്ചടിയായത്.കേരളത്തില്‍ സിപിഎമ്മിനെ അടക്കം നിയന്ത്രിക്കുന്നുവെന്ന് പറയപ്പെടുന്ന വലിയ സാമ്പത്തികലോബി മലയാള സിനിമാ മേഖലയില്‍ കോടിക്കണക്കിന് രൂപാ നിക്ഷേപിച്ചിട്ടുണ്ട്. പല ബിനാമി പേരുകളില്‍ അവര്‍ നിരവധി സിനിമകള്‍ നിര്‍മിക്കുന്നുവെന്നാണ് സൂചന. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ചൂടുപിടിച്ചാല്‍ സിനിമാ മേഖല മൊത്തം പ്രതിസന്ധിയിലാകുമെന്നും പണം മുടുക്കയവര് വെള്ളത്തിലാകുമെന്നുമുള്ള ഭയവും സര്‍ക്കാരിനുണ്ടായി. സര്‍ക്കാരുമായും പ്രബല സിനിമാ സംഘടനകളുമായും അടുപ്പമുള്ള ചിലരും ഈ റിപ്പോര്‍ട്ടു പുറത്ത് വിടുന്നത് അപകടകമാണെന്ന് സര്‍ക്കാരിനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് റിപ്പോര്‍ട്ടിന്‍മ്മേല്‍ അടയിരിക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്.
സിനിമാരംഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുളള നീക്കം ഇത്തരമൊരു പ്രതിസന്ധിയില്‍ കൊണ്ടു ചെന്നത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല. ഹേമാകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പട്ട് എന്ത് സംഭവ വികാസങ്ങളുണ്ടായാലും അതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്നാണ് സര്‍ക്കാരുമായി അടുപ്പമുള്ള പ്രമുഖരായ ചലച്ചിത്രപ്രവര്‍ത്തകരെല്ലാം വ്യക്തമാക്കിയിരുന്നത്. താരസംഘടനയായ അമ്മയും ഇതേ രീതിയിലുള്ള നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രജ്ഞിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ലൈംഗികാരോപണമുന്നയിച്ചപ്പോഴാണ് കളി കൈവിട്ടുപോകുന്നുവെന്ന് സര്‍ക്കാരിന് തോന്നിത്തുടങ്ങിയത്. രജ്ഞിത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്നത് കേരളത്തിലെ ഉന്നതനായ സിപിഎം നേതാവിന്റെ മകനാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ ആദ്യം അദ്ദേഹത്തിന് അനുകൂലമായ നിലപാടുമായി മുന്നോട്ടു വന്നത്. എന്നാല്‍ രഞ്ജിത്തിന്റെ പേരുപറഞ്ഞുകൊണ്ടുള്ള ബംഗാളി നടിയുടെ അഭിമുഖം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തതോടെ സര്‍ക്കാരിന് പിന്നെ പിടിച്ചുനില്ക്കാന് കഴിയില്ലന്നായി. അതോടൊപ്പം താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖിനെതിരെയും ഒരു ചലച്ചിത്ര നടി തുറന്ന ആരോപണങ്ങളുമായി രംഗത്തെത്തി. ഇതോടെയാണ് ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് ഇത്ര അപകടകാരിയാണെന്ന് സര്‍ക്കാരിനും സിപിഎമ്മിനും ബോധ്യപ്പെട്ടത്.
ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്കെതിരെ ഇനിയും ആരോപണങ്ങള്‍ ഉയരാനുള്ള സാധ്യത സര്‍ക്കാര്‍ മുന്‍കൂട്ടികാണുന്നുണ്ട്. സിപിഎം എംഎല്‍എ കൂടിയായ നടന് മുകേഷിനെതിരെ ഉയര്‍ന്ന ആരോപണവും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ തന്നെ സിനിമാ ലോകത്തെ സംഘടനകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി എല്ലാവര്ക്കും പ്രയോജനപ്രദമായ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഉദ്യമിച്ചിരുന്നുവെങ്കില് ഈ പ്രതിസന്ധിയും നാണക്കേടും ഒഴിവാക്കാമായിരുന്നുവെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. നേരത്തെ സിപിഎമ്മില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടിരുന്നത് സിനിമയുടെയും സാംസ്കാരികമേഖലയുടെയും ചുമതലയുള്ള പാര്‍ട്ടി ഫ്രാക്ഷനായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിസംവിധാനങ്ങള്‍ക്ക് മുകളിലുള്ള ചില വ്യക്തികളാണ് ഇതെല്ലാം തിരുമാനിക്കുന്നത് എന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങളിലേക്ക് സര്‍ക്കാരിന് ചെന്ന് ചാടേണ്ടി വന്നതെന്ന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നു.