തിരുവനന്തപുരം : ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി ബെയ്ലിന് ദാസ് കഴിഞ്ഞ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞത് നഗരത്തില്‍ തന്നെയെന്ന് പൊലീസ്. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. പ്രതിക്കായി പൊലീസ് അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചില്‍ നടത്തിയിരുന്നു. വലിയതുറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. സഹോദരനെ ചോദ്യം ചെയ്തതാണു കേസില്‍ വഴിത്തിരിവായതെന്നും പൊലീസ് പറയുന്നു.
സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് ബെയ്ലിന് ദാസിന്റെ സഹോദരന് കഴിഞ്ഞില്ല. കാര്‍ ബെയ്ലിന് ദാസ് കൊണ്ടു പോയെന്നു പിന്നീടു മൊഴി നല്കി. കാറിനായുള്ള തിരച്ചില്‍ തുടര്‍ന്ന പൊലീസ്, ബെയ്ലിന് അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയതായി മനസ്സിലാക്കി. കാര്‍ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് പരിശോധന ശക്തമാക്കിയതോടെ സ്റ്റേഷന് കടവില്‍ വച്ചു പൊലീസ് സംഘത്തിനു മുന്നില്‍ ബെയ്ലിന് പെടുകയായിരുന്നു.
ഇന്നലെ രാത്രി ഏഴരയോടെയാണ് പ്രതിയെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാന്‍ എല്ലാം കോടതിയില്‍ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. ഒളിവില്‍ പോയ സമയത്ത് ഉപയോഗിച്ച കാറും പൊലീസ് സ്റ്റേഷനിലെത്തിച്ചു.