തിരുവനന്തപുരം : പിഴ ചുമത്തുന്നതിനുള്ള ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരുടെ അധികാരപരിധി 10000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തും. ഇതിന് 1973ലെ ക്രിമിനല്‍ നടപടി സംഹിതയിലെ 29 ആം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്കിയ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു . മോട്ടോര്‍ വാഹന നിയമ (ഭേദഗതി )ആക്റ്റ് 2019 നിലവില്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തുമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി . ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10000 രൂപ മാത്രമായതിനാല്‍ നിലവിലുള്ള ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ പ്രോസിക്യൂഷന് നടപടി ക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.