ഡൽഹി : ന്യൂസ് ക്ലിക്ക് കേസിൽ എഡിറ്റർ പ്രബീർ പുരകായസ്ഥയുടെയും എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. അഞ്ച് ദിവസം കൂടിയാണ് കസ്റ്റഡി നീട്ടി നൽകിയത്. 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുരകായസ്ഥയെയും അമിത് ചക്രവർത്തിയെയും കോടതിയിൽ ഹാജരാക്കിയത്.
ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് ചൈനയുടെ ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് പ്രബീർ പുരകായസ്ഥയെയും അമിത് ചക്രവർത്തിയെയും പോലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം, യു.എ.പി.എ ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ന്യൂസ്ക്ലിക്ക് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജിയിൽ മൂന്നാഴ്ചക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ഡൽഹി പോലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.