കോട്ടയം : വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ജോർജ് മുമ്പും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നയാളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
30 വർഷം എംഎൽഎ ആയിരുന്ന വ്യക്തിയാണ് പി.സി ജോർജ്. അദ്ദേഹം നടത്തിയത് മതസ്പർദ്ധ ഉളവാക്കുന്ന പ്രസ്താവനയാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മുൻകൂർ ജാമ്യത്തിന് പോയപ്പോൾ ഹൈകോടതി ഇക്കാര്യം നിരീക്ഷിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, ആരോഗ്യ സ്ഥിതി മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പി.സി ജോർജിന്റെ അഭിഭാഷകന്റെ വാദം. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കട്ടെ. പൊതുപ്രവർത്തകരായാൽ കേസുകളുണ്ടാകും. ഇതും അതുപോലെയാണെന്നും അഭിഭാഷകൻ വാദിച്ചു.