കൊച്ചി : ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അന്തിമ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ പരിഗണിക്കണമെന്നു വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷ നല്കിയാല് ഹര്ജിക്കാരന് പകര്‍പ്പ് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതിയായ അഡ്വ. സൈബി ജോസ് തനിക്കെതിരെ തെളിവില്ലാത്തതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി വിധി അനുകൂലം ആക്കിത്തരാമെന്ന് പറഞ്ഞ് ജഡ്ജിമാര്‍ക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോടു കൂടി കക്ഷികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി എന്നതാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈബിയ്ക്കെതിരെ പൊലീസ് കേസെടുത്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചന കുറ്റവുമാണ് സൈബിയ്ക്കെതിരെ പൊലീസ് ചുമത്തിയത്.
കേസുകളില്‍ മുന്‍കൂര്‍ ജാമ്യവും അനുകൂല വിധിയും വാങ്ങി നല്‍കുമെന്ന് പറഞ്ഞ് കക്ഷികളുടെ കൈയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്ന ഗുരുതര ആരോപണമാണ് ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ ഉണ്ടായിരുന്നത്. ഇത്തരത്തില്‍ സൈബി ജോസ് കിടങ്ങൂര്‍ 72 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. സൈബിക്ക് എതിരായി നാല് അഭിഭാഷകര്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ സൈബി വാങ്ങിയിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ വാദം. അതേസമയം ജഡ്ജിക്ക് കൊടുക്കാന്‍ എന്ന നിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും, കക്ഷികളുടെ കയ്യില്‍ നിന്ന് വാങ്ങിയത് അഭിഭാഷക ഫീസ് മാത്രമാണതെന്നുമാണ് ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ സൈബി ജോസ് മൊഴി നല്‍കിയത്.