ലണ്ടന്‍ : യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള ഗോള്‍ഡന്‍ ബോയ് പുരസ്കാരം റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിന്. യൂറോപ്പിലെ 21 വയസില്‍ താഴെയുള്ള ഏറ്റവും മികച്ച താരമായാണ് ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ യുവ മജീഷ്യന്‍ ജമാല്‍ മുസിയാല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡെന്മാര്ക് താരം റാസ്മസ് ഹോജ്ലുന്‍ഡ്, ഇംഗ്ലണ്ട് താരം തന്നെയായ ചെല്‍സിയുടെ ലെവി കോള്‍വില്‍ എന്നിവരെയാണ് ബെല്ലിങ്ഹാം പിന്തള്ളിയത്.
ബൊറൂസിയ ഡോര്‍ഡ്മുണ്ടില്‍ നിന്ന് ഈ സീസണിലാണ് ബെല്ലിങ്ഹാം റയലിലേക്ക് കോടികളുടെ പണക്കിലുക്കവുമായി എത്തിയത്. സീസണില്‍ ടീമിനായി മിന്നും ഫോമിലാണ് ബെല്ലിങ്ഹാം കളിക്കുന്നത്. നിര്‍ണായക ഘട്ടത്തിലെല്ലാം റയലിനായി വല ചലിപ്പിച്ച ബെല്ലിങ്ഹാം 17 കളികളില്‍ നിന്നായി വലയിലാക്കിയത് 15 ഗോളുകള്‍.
മാസങ്ങള്‍ക്കിടെ താരം സ്വന്തമാക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. ബാല്ലണ്‍ ഡി ഓര് പുരസ്കാര ചടങ്ങില്‍ വച്ച് 21 വയസില്‍ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫിയും ലഭിച്ചിരുന്നു.