ന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) ആദ്യ യോഗം ആഗസ്റ്റ് 22 (വ്യാഴാഴ്ച) ന് നടക്കും. ജെ.പി.സി അധ്യക്ഷൻ ജഗദാംബിക പാലിന്റെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസ് അനെക്സിലാണ് യോഗം ചേരുക.
വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ ന്യൂനപക്ഷകാര്യ, നിയമ-നീതികാര്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ബില്ലിനെ കുറിച്ച് ജെ.പി.സി അംഗങ്ങൾക്ക് മുമ്പാകെ വിശദീകരിക്കും. 31 അംഗ സംയുക്ത പാർലമെന്ററി സമിതിയിൽ ലോക്സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമാണ് ഉള്ളത്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം.വഖഫ് ബോർഡിൽ മുസ്ലിംകൾ അല്ലാത്തവരെ നിയമിക്കുന്നതടക്കം വിവാദ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. കൂടാതെ, ഭരണഘടനാപരമായ നിരവധി പിഴവുകൾ ബില്ലിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ വിശദമായ പരിശോധനക്കായാണ് സംയുക്ത പാർലമെന്ററി സമിതിക്ക് വിടുകയായിരുന്നു. ബില്ലിനെ ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര് അരങ്ങേറിയിരുന്നു.