ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ മന്ത്രിയായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. 2014 മുതല്‍ 2019 വരെയുള്ള മോദിയുടെ ആദ്യ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നഡ്ഡയ്ക്കായിരുന്നു. 2020ല്‍ അമിത് ഷായ്ക്ക് പകരമായാണ് അദ്ദേഹം ബിജെപി അധ്യക്ഷനായി ചുമതലയേറ്റത്.
കാലാവധി അവസാനിക്കുന്നതിന് നാല് മാസം മുമ്പ് 2022 സെപ്റ്റംബറില്‍ ബിജെപി അധ്യക്ഷ സ്ഥാനത്ത് നഡ്ഡയുടെ കാലാവധി നീട്ടിയിരുന്നു. പൊതുതെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെയാണ് കാലാവധി നീട്ടിയിരുന്നത്. ജെ പി നഡ്ഡ മന്ത്രിസ്ഥാനത്തേയ്ക്ക് വരുന്നതോടെ പുതിയ അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തും.
പുതിയ സര്‍ക്കാരിലും ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍ ബിജെപി തന്നെ കൈകാര്യം ചെയ്യും. അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്, അശ്വിനി വൈഷ്ണവ്, ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, മുന്‍സുഖ് മാണ്ഡവ്യ, അര്ജുന് രാംമേഘ് വാള് തുടങ്ങിയവര്‍ മൂന്നാം മോദി മന്ത്രിസഭയിലും തുടരും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും കേന്ദ്രമന്ത്രിമാരാകും.