തിരുവനന്തപുരം: തുണി മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് ആദ്യം കണ്ട കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളി. കമിഴ്ന്ന് കിടക്കുകയായിരുന്നു. മുളവടി കൊണ്ട് തുണി നീക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നുവെന്ന് ജോയിയുടെ മൃതദേഹം കണ്ട ശുചീകരണ തൊഴിലാളി പറയുന്നു.
രാവിലെ ഒമ്പതുമണിയോടെയാണ് തകരപ്പറമ്പിലെ ശ്രീചിത്ര പുവര്‍ഹോമിന് പിന്നിലെ കനാലില്‍ മൃതദേഹം കണ്ടെത്തുന്നത്. റെയില്‍വേയില്‍ നിന്ന് വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തുകയും, മൃതദേഹം കനാലില്‍ നിന്നും പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജീര്‍ണിച്ച നിലയിലായതിനാല്‍ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് വിവരം.
മൃതദേഹം കാണാതായ തൊഴിലാളി ജോയിയുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. കുടുംബത്തിലെ ആളുകളും ഒപ്പം ജോലി ചെയ്തിരുന്നവരും വന്ന് മൃതദേഹം സ്ഥിരീകരിക്കണം. അതിനുശേഷം മറ്റു നടപടികളിലേക്ക് പോകാനാണ് തീരുമാനിച്ചിട്ടുള്ളത്. സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മറ്റു നടപടികളെല്ലാം വേഗത്തിലാക്കുമെന്ന് മേയര്‍ പറഞ്ഞു.
മാലിന്യം കടലിലേക്ക് ഒഴുകിപ്പോകാതിരിക്കാന്‍ നഗരസഭ 17 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് വിഷറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെ പ്ലാസ്റ്റിക് വിഷറിന്റെ അവിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി മഴ പെയ്തപ്പോള്‍ ശക്തമായ ഒഴുക്ക് ടണലിന്റെ ഉള്ളിലൂടെ വെള്ളം പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഒബ്സര്‍വേഷന്‍ ടീമിനെ പവര്‍ഹൗസ് റോഡില്‍ കനാലിന്റെ ഡൗണ്‍ സ്ട്രീമിലേക്ക് പോസ്റ്റ് ചെയ്തിരുന്നു.
കൂടാതെ നഗരസഭയുടെ തോട് കടന്നുപോകുന്ന വാര്‍ഡുകളിലെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ രണ്ട് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു. മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഉടന്‍ തന്നെ ചെയ്യും. നഗരസഭയുടെ ചുമതലയില്‍പ്പെടുന്ന കാര്യങ്ങളെല്ലാം ഇന്നുതന്നെ നോട്ടീസായി റെയില്‍വേയെ അറിയിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.