തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരായ കള്ളക്കേസുകളിലും വിവിധ മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാനത്തെ മാധ്യമപ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. ജൂൺ 26ന് രാവിലെ 11-നാണ് പ്രതിഷേധ മാർച്ച് നിശ്ചയിച്ചിരിക്കുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും അറിയിച്ചു.
മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര- ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക, ബജറ്റിൽ പ്രഖ്യാപിച്ച 1,000 രൂപ പെൻഷൻ വർധന പൂർണമായും നടപ്പാക്കുക, നിർത്തലാക്കിയ മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കെയുഡബ്ല്യുജെ മുന്നോട്ടുവച്ചിരിക്കുന്നത്.