പാരിസ്: 23-ാം ഗ്രാൻഡ് സ്ലാം കിരീ ടത്തിലേക്ക് നൊവാക് ജോക്കാവിച്ചിന് ഇനി ഒരു പോരാട്ടം കൂടി മാത്രം ബാക്കി. 20 വയസുകാരനായ ലോക ഒന്നാം നമ്പര്‍ താരവും പുതിയ സെന്‍സേഷനുമായ കാര്‍ലോസ് അല്‍ക്കാരസിന്റെ വെല്ലുവിളി നാല് സെറ്റ് പോരാട്ടത്തില്‍ അവസാനിപ്പിച്ചാണ് ജോക്കോ ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറിയത്. ജോകോയുടെ ഏഴാം ഫൈനലാണ്. 2021ലും 2016ലും ചാമ്പ്യനായി.
റാഫേല്‍ നദാലിന്റെ അഭാവത്തില്‍ ജോക്കോ ഫൈനലിലെത്തിയതോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കാനുള്ള അവസരവും സെര്‍ബിയന്‍ താരത്തിനു തുറന്നു കിട്ടി. നിലവില്‍ 22 കിരീടങ്ങളുമായി ജോക്കോവിചും നദാലും റെക്കോര്‍ഡ് പങ്കിടുകയാണ്. വാശിയേറിയ പോരാട്ടമാകുമെന്ന് ടെന്നീസ് പ്രേമികൾ പ്രതീക്ഷിച്ച മത്സരം അൽക്കാരസിന്റെ പരിക്ക് മൂലം പതിഞ്ഞ താളത്തിലാണ് നീങ്ങിയത്.
തുല്യത പാലിച്ചുപോന്ന പോരാട്ടത്തിലെ മൂന്നാം സെറ്റിൽ സ്കോർ 1-1 എന്ന നിലയിൽ നിൽക്കെയാണ് കാലിലെ പരിക്ക് മൂലം അൽക്കാരസ് തളർന്നത്. ആദ്യ സെറ്റ് തീരാൻ ഏകദേശം ഒരു മണിക്കൂറോളമെടുത്ത മത്സരത്തിൽ പിന്നീട് ജോക്കോയുടെ സമഗ്രാധിപത്യമായിരുന്നു. മത്സരത്തിൽ ആകെ 12 ഗെയിമുകൾ മാത്രമാണ് താരം വിട്ടുകൊടുത്തത്.
ആദ്യ സെറ്റ് ജോക്കോവിച് അനായാസം നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ കരുത്തോടെ പോരാടി അല്‍ക്കാരസ് തിരിച്ചെത്തി. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ ഒരു ചെറുത്തു നില്‍പ്പുമില്ലാതെ യുവ താരം അടിയറവ് വച്ചതോടെ ജോക്കോ അനായാസം വിജയിച്ചു. സ്കോര്‍: 6-3, 7-5, 1-6, 1-6. തുടർച്ചയായ രണ്ടാം വർഷവും ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി നോർവെയുടെ കാസ്പർ റൂഡാണ് ഫൈനലിൽ ജോക്കോയുടെ എതിരാളി . മൂന്നു സെറ്റ് നീണ്ട സെമി ഫൈനലിൽ ജർമനിയുടെ അല്ക്സാണ്ടർ സ്വരേവിനെ തകർത്താണ് റൂഡ് ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 6-3, 6-4, 6-0.കരിയറിലെ കന്നി ഗ്രാൻസ്ലാം കിരീടമാണു റൂഡ് ലക്ഷ്യംവയ്ക്കുന്നത്.