തിരുവനന്തപുരം : വിയറ്റ്നാമിൽ ജോലി വാഗ്ദാനം നൽകി യുവാക്കളെ ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ, കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ, കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്. വിയറ്റ്നാമിൽ പ്രതിമാസം 80,000 രൂപ ശമ്പളമുള്ള ഡിടിപി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്താണ് സംഘം യുവാക്കളെ കടത്തിയത്.
അടിമാലി കല്ലുവെട്ടിക്കുഴിയിൽ ഷാജഹാൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു വര്‍ഷം മുന്‍പാണ് സംഘം ഷാജഹാനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ വിയറ്റ്നാമിൽ 80,000 രൂപ മാസശമ്പളത്തിൽ ഡിടിപി ഓപ്പറേറ്ററായി ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വാങ്ങിയ ശേഷം വിസിറ്റ് വീസയിൽ വിയറ്റ്നാമിൽ എത്തിച്ചു.
അവിടെ നിന്ന് കരമാർഗ്ഗം കമ്പോഡിയയിൽ എത്തിച്ച് ചൈനക്കാര്‍ക്ക് കൈമാറിയെന്നാണ് പരാതി. ഇവർ യുവാവിനെ കംബോഡിയയിൽ എത്തിച്ച് ഓൺലൈൻ തട്ടിപ്പ് നടത്താൻ നിർബന്ധിച്ചു. കൂട്ടത്തിൽ മറ്റു മലയാളികളും ഉണ്ടായിരുന്നതായും ഷഹജാന്‍ പരാതിയില്‍ പറയുന്നു. മൂന്ന് മാസത്തിനു ശേഷം എംബസിയുടെ സഹായത്തോടെ ഇദ്ദേഹം രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിടിയിലായവർക്കെതിരെ ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ അഞ്ചു പേർ പരാതി നൽകിയിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.