റാഞ്ചി: അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് നല്കിയ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ചന്ദ്രശേഖര്‍, ജസ്റ്റീസ് അനുഭ റാവത്ത് ചൗധരി എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഖനന അഴിമതിക്കേസിലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.20 മുതൽ റാഞ്ചിയിലെ വസതിയിൽ ചോദ്യംചെയ്യലിനു വിധേയനായ മുഖ്യമന്ത്രി ഏഴുമണിക്കൂറിനു ശേഷം രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണനു രാജിക്കത്ത് കൈമാറുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. രാത്രിയോടെ സോറന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തി.
ഇതിനു പിന്നാലെ മുതിർന്ന നേതാവും ഗതാഗതമന്ത്രിയുമായ ചംപയ് സോറനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചതായി ജെഎംഎം സംസ്ഥാന അധ്യക്ഷൻ രാജേഷ് ഠാക്കൂർ അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ എംഎൽഎമാർ യോഗം ചേർന്നാണ് ഏഴുതവണ സെറൈകെൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചംപയ് സോറനെ നേതാവായി പ്രഖ്യാപിച്ചത്.
80 അംഗ സഭയില്‍ 47 അംഗങ്ങളുടെ പിന്തുണയുണ്ടെന്നു ചംപയ് സോറന് ഗവര്‍ണറെ അഅറിയിച്ചു. ജെഎംഎമ്മിന്റെയും സഖ്യകക്ഷികളുടെയും എംഎല്എഎമാരെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. ഹേമന്ത് സോറൻ കസ്റ്റഡിയിലാകുമെന്ന സൂചനകളെത്തുടർന്ന് ബുധനാഴ്ച രാവിലെ മുതൽ നൂറുകണക്കിനു ജെഎംഎം പ്രവർത്തകർ റാഞ്ചിയിൽ തന്പടിച്ചിരുന്നു. ക്രമസമാധാനപാലനത്തിനായി നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രിയുടെ വസതി, രാജ്ഭവൻ, ഇഡി ഓഫീസ് സ്ഥിതിചെയ്യുന്ന ഡൊറാണ്ട എന്നിവിടങ്ങളിലും പരിസരങ്ങളിലുമാണ് നിരോധനാജ്ഞ. റാലികൾക്കും പൊതുയോഗങ്ങൾക്കും നിരോധനവുമുണ്ട്. മേൽനോട്ടത്തിനായി ധനകാര്യ സെക്രട്ടറി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു.