ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ ഇന്നുച്ചയ്ക്ക് ഇഡിക്കു മുന്നിൽ ഹാജരാകും. സോറൻ ഏതുനിമിഷവും അറസ്റ്റിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, സോറൻ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാൻ നീക്കമാരംഭിച്ചു. റാഞ്ചിയിലെ പാർട്ടി നിയമസഭാകക്ഷി യോഗത്തിൽ കൽപനയും പങ്കെടുത്തു.
സോറന്റെ ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണു കണക്കിൽപ്പെടാത്ത പണവും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തത്. 27നു ഡൽഹിയിലെത്തിയിരുന്ന സോറനെ തിരഞ്ഞ് ഇ.ഡി അധികൃതർ ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. ഉദ്യോഗസ്ഥർ റാഞ്ചിയിലുമെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ, മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ബിജെപി പോസ്റ്റർ ഇറക്കി. ഇന്നലെ രാവിലെ സോറൻ റാഞ്ചിയിലെത്തി.
2020– 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ.ഡി. റജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ 8 സമൻസും അവഗണിച്ച സോറൻ ഈ മാസം 20നു ചോദ്യംചെയ്യലിനു ഹാജരായിരുന്നു.
സോറനു പകരം കൽപ്പന മുഖ്യമന്ത്രിയായാൽ മത്സരിക്കുന്നതിനായി ഗാണ്ഡേയ് മണ്ഡലത്തിലെ എംഎൽഎ സർഫറാസ് അഹമ്മദ് രാജിവച്ചിട്ടുണ്ട്. 81 അംഗ നിയമസഭയിൽ ജെഎംഎം– കോൺഗ്രസ്– ആർജെഡി സഖ്യത്തിന് 47 സീറ്റുണ്ട്.