ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ വേണമെന്നിരിക്കെ ബിജെപിയെ സമ്മര്‍ദത്തിലാക്കി സഖ്യ കക്ഷികള്‍. അഗ്നിവീര്‍ പദ്ധതിയില്‍ പുനരാലോചന വേണമെന്നും ജാതി സെന്‍സസ് നടപ്പാക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് ജെഡിയു മുന്നോട്ട് വയ്ക്കുന്നത്.
ഒരു രാജ്യം, ഒറ്റ വൈദ്യുത നിരക്ക് എന്ന ആശയം നടപ്പിലാക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ് എന്നിവയെ പിന്തുണയ്ക്കുന്നതായും ജെഡിയു അറിയിച്ചിട്ടുണ്ട്.ഏകീകൃത സിവില്‍കോഡ് സങ്കീര്‍ണമായ പദ്ധതിയാണ്. എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ഇതു നടപ്പാക്കാവൂ എന്നാണ് ജെഡിയു ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യങ്ങളില്‍ അടക്കം ജെഡിയു നേതാവ് നിതീഷ് കുമാറുമായി ചര്‍ച്ച നടത്താന്‍ അശ്വിനി വൈഷ്ണവിനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തി.
മൂന്ന് കാബിനറ്റ് പദവികളാണ് ജെഡിയു ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.ലോക്സഭ സ്പീക്കര്‍, അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍, രണ്ടു സഹമന്ത്രിമാര്‍ തുടങ്ങിയ പദവികളാണ് ടിഡിപി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ടിഡിപിയുമായി ചര്‍ച്ച നടത്താന്‍ പിയൂഷ് ഗോയലിനെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്.