ബംഗളൂരു: കോൺഗ്രസിനെതിരെ കർണാടകയിൽ ബിജെപി-ജെഡിഎസ് പ്രതിപക്ഷ സഖ്യം ഒരുങ്ങുന്നു. കർണാടകയുടെ താത്പര്യം കണക്കിലെടുത്ത് ബിജെപിക്കൊപ്പം ചേർന്ന് പ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായി ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി.
പാർട്ടിയുടെ ഭാവി കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ തനിക്ക് അധികാരം നൽകിയിട്ടുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസാരിക്കാൻ ഇനിയും സമയമുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിലേക്ക് ജെഡിഎസ് ചേക്കേറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കർണാടകയിലെ പ്രതിപക്ഷ നേതാവ് സ്ഥാനവും ജെഡിഎസിന് നൽകാൻ ബിജെപി തയാറാകുമെന്നായിരുന്നു റിപ്പോർട്ട്.