ചെന്നൈ : അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാരിന് കര്‍ണാടക കൈമാറി. കര്‍ണാടക വിധാന്‍ സഭ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 27 കിലോ 558 ഗ്രാം സ്വര്‍ണാഭരണങ്ങള്‍, 1116 കിലോ വെള്ളി. 1526 ഏക്കര്‍ വരുന്ന ഭൂമിയുടെ രേഖകള്‍ എന്നിവയാണ് കൈമാറിയത്. കോടതി ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.
സ്വര്‍ണത്തില്‍ തീര്‍ത്ത വാള്, രത്നം പതിച്ച കിരീടങ്ങള്‍, രത്നാഭരണങ്ങള്‍, സ്വര്‍ണത്തളിക, മറ്റ് പാത്രങ്ങള്‍, അരപ്പട്ട തുടങ്ങിയവയും പട്ടികയില്‍ കൈമാറിയ പട്ടികയില്‍ ഉള്‍പ്പെടുന്നു.
1991 -1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് ജയലളിതയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയത്. കേസില്‍ തമിഴ്നാട്ടില്‍ വിചാരണ സുതാര്യമാകില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് കോടതി സമീപിച്ചതോടെയാണ് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റിയത്. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കളും കര്‍ണാടകയിലേക്ക് എത്തുകയായിരുന്നു.
കേസില്‍ ബെംഗളൂരുവിലെ പ്രത്യേക അപ്പീല്‍ കോടതി ജയലളിതയടക്കം നാലു പേര് കുറ്റക്കാരെന്നെ് കണ്ടെത്തി, നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു. എന്നാല്‍ പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പിന്നീട് 2015ല്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കുകയും ചെയ്തു. ജയലളിതയ്ക്ക് പുറമെ സുഹൃത്ത് ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന് എന്നിവരാണ് കേസ്സിലെ മറ്റു പ്രധാന പ്രതികള്‍.
ജയലളിതയുടെ മരണ ശേഷം കണ്ടുകെട്ടിയ സ്വത്തിനായുള്ള ബന്ധുക്കളുടെ നിയമ പേരാട്ടമാണ് സാധനങ്ങളുടെ കൈമാറ്റം വൈകിച്ചത്. ജയലളിതയുടെ അനന്തരവന്മാരായ ജെ ദീപ, ജെ ദീപക് എന്നിവര്‍ സ്വത്തിന്റെ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ ഹര്‍ജികള്‍ ജനുവരി 13 ന് കര്‍ണാടക ഹൈക്കോടതി തള്ളിയതോടെയാണ് സ്വത്തുക്കളുടെ കൈമാറ്റം സാധ്യമായത്.