വോൾഫ്ബർഗ് : ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിയെ 2-1ന് തോൽപ്പിച്ച ജപ്പാൻ സൗഹൃദ മത്സരത്തിലും മുൻ ലോക ചാമ്പ്യന്മാരെ നാണംകെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഏഷ്യക്കാർ ജർമനിയുടെ മണ്ണിൽ നടന്ന മത്സരത്തിൽ ആതിഥേയരെ തകർത്തത്. മത്സരത്തിൽ ജപ്പാൻ ഉതിർത്ത 14 ഷോട്ടുകളിൽ 11 എണ്ണവും ഷോട്ട് ഓൺ ടാർഗറ്റ് ആയിരുന്നു.
പന്ത് കൈവശം വെക്കുന്നതിൽ മുന്നിട്ടു നിന്നത് ജർമനിയാണെങ്കിലും ഗോളവസരങ്ങൾ ഉണ്ടാക്കിയത് ജപ്പാനായിരുന്നു.പ്രതിരോധനിര പൂർണമായി പരാജയപ്പെട്ട മത്സരത്തിൽ ഗോൾ കീപ്പർ ടെർ സ്റ്റെഗന്റെ മികവാണ് ജർമനിയെ ഇതിലും വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ ജുൻയ ഇറ്റോ ജപ്പാനെ മുന്നിലെത്തിച്ചു. 19-ാം മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ ലീറോയ് സാനെ ജർമനിയെ ഒപ്പമെത്തിച്ചു. വിർറ്റ്സിന്റെ പാസിൽനിന്നായിരുന്നു സാനെയുടെ ഗോൾ. മൂന്ന് മിനിറ്റിനുള്ളിൽ ഇറ്റോയുടെ പാസിൽനിന്ന് മുന്നേറ്റനിര താരം അയസെ ഉയെഡെ ജപ്പാനെ മുന്നിലെത്തിച്ചു. ഉയെഡയുടെ ആദ്യ പകുതിയിലെ മികച്ച രണ്ട് ശ്രമങ്ങൾ ജർമൻ ഗോൾ കീപ്പർ ടെർ സ്റ്റെഗൻ കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.
രണ്ടാം പകുതിയിൽ 90-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ പകരക്കാരനായി ഇറങ്ങിയ കുബോയുടെ പാസിൽനിന്ന് മറ്റൊരു പകരക്കാരനായ ടാകുമോ അസാനോ ആണ് ജപ്പാന്റെ മൂന്നാം ഗോൾ നേടിയത്. രണ്ട് മിനിറ്റിനുള്ളിൽ കുബോയുടെ ക്രോസിൽനിന്ന് വേറൊരു പകരക്കാരൻ ടനാക ഹെഡറിലൂടെ ഗോൾ നേടിയതിലൂടെ ജർമൻ പരാജയം പൂർത്തിയായി.
അവസാനത്തെ ആറ് ഹോം മത്സരങ്ങളിൽ ജർമനിക്ക് ഒരെണ്ണം മാത്രമാണ് ജയിക്കാനായത് എന്നത് കോച്ച് ഫ്ലിക്കിന്റെ സമ്മർദ്ദം ഏറ്റും . ജ്യോക്കിം ലോവിൽ നിന്നും ദേശീയ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം കളിച്ച 25 മത്സരങ്ങളിൽ 12 എണ്ണത്തിൽ മാത്രമാണ് ഫ്ലിക്കിനു ജർമനിയെ വിജയത്തിൽ എത്തിക്കാനായത്.