പട്ന : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ജനതാദള്‍ യുണൈറ്റഡ്. രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്തു പ്രയോജനമെന്ന് ജെഡിയു എംഎല്‍സി നീരജ് കുമാര്‍ ചോദിച്ചു. രാഹുല്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദയാത്ര നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവകാശമുണ്ട്. എന്നാല്‍ അതുകൊണ്ട് എന്തു ഫലം ലഭിച്ചു. ന്യായ് യാത്ര ബംഗാളിലെത്തിയപ്പോള്‍ മമത ബാനര്‍ജി മാറ്റി നിര്‍ത്തപ്പെട്ടു. യാത്ര ബിഹാറുന്നതിന് മുമ്പ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും മാറി.
തന്ത്രങ്ങള്‍ എവിടെയാണ് പിഴയ്ക്കുന്നതെന്ന് രാഹുല്‍ഗാന്ധി ആത്മപരിശോധന നടത്തണം. സഖ്യകക്ഷികള്‍ എന്തുകൊണ്ട് അകലുന്നു എന്ന് പരിശോധിക്കണം. ഇന്ത്യ മുന്നണിയെ തകര്‍ക്കുന്നത് കോണ്‍ഗ്രസ് ആണെന്നും ജെഡിയു നേതാവ് നീരജ് കുമാര്‍ കുറ്റപ്പെടുത്തി.
ബിഹാറില്‍ കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് ജെഡിയു വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തിലാണ്. ഇതിന്റെ ഭാഗമായി ഇന്നു തന്നെ നിതീഷ് കുമാര്‍ രാജി സമര്‍പ്പിക്കും. വൈകീട്ടോടെ ബിജെപി സഖ്യത്തിലുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ട്.