


തിരുവനന്തപുരം: മാറുന്ന കാലാവസ്ഥയും പാരിസ്ഥിതിക തകർച്ചയിലും ആശങ്കകൾ പങ്കുവെച്ചും വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതി പഠനത്തിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി മുതിർന്ന രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും. കേരള പരിസ്ഥിതി ഐക്യവേദി തയ്യാറാക്കിയ ജനകിയ പരിസ്ഥിതി നയരേഖ പുറത്തിറക്കിയ ചടങ്ങിലാണ് മുൻ മന്ത്രി മുല്ലക്കര രത്നാകരനും കെ പി സി സി വൈസ് പ്രസിഡൻ്റ് പി സി വിഷ്ണുനാഥ് എം എൽ എ യും മുതിർന്ന മാധ്യമ പ്രവർത്തകൻ രാധാകൃഷ്ണൻ എം ജി യും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ എം ജി രേഖ പ്രകാശനം ചെയ്തു.
വൻ വികസന പദ്ധതികളും പ്രകൃതി ദുരന്തങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്നത്. തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായത് 2017 മുതലും. എന്നിട്ടും പരിസ്ഥിതി വിഷയം വേണ്ടത്ര ചർച്ചയാകുന്നില്ല.2018ലെ പ്രളയത്തെ തുടർന്ന് ഒട്ടേറെ പഠനങ്ങളും ചർച്ചയും നടന്നു. എന്നാൽ ഇന്നും രണ്ട് ദിവസം തുടർച്ചയായി മഴ പെയ്താൽ നഗരങ്ങൾ പലതും മുങ്ങും. പുതിയ രോഗങ്ങൾ പ്രത്യക്ഷപ്പെടും. വയനാട്ടിൽ ദുരന്തമുണ്ടായ അതേ ഇടത്ത് കൂടിയാണ് തുരങ്ക പാത നിർമ്മിക്കുന്നത്. ഇത് ചർച്ചയാക്കാൻ ശ്രമിക്കുന്നയാളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും കേരളത്തിലാണ്. നയപരിപാടികളുടെ കേന്ദ്രമായി പരിസ്ഥിതി മാറണമെന്ന് അദ്ദേഹം പറഞ്ഞു. അതീവ ദുർബലമായ പാരിസ്ഥിതിക പ്രദേശമായി കേരളം മാറുന്നുവെന്ന പഠനങ്ങളാണ് പുറത്ത് വരുന്നതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. വലിയ പ്രളയങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു. ഉരുൾപ്പൊട്ടൽ ആവർത്തിക്കപ്പെടുന്നു. സൈക്ലോൺ പ്രോൺ ആയി കേരളം മാറി. പാരിപ്പാതിക ആഘാതങ്ങളുടെ നാടായി കുട്ടനാട് മാറി. ജനങ്ങൾ മറ്റിടങ്ങളിലേക്ക് കുടിയേറി. ഏത് വികസന പദ്ധതിയും അതാത് പ്രദേശത്തെ പാരിസ്ഥിതിക പഠനത്തിൻ്റെ അടിസ്ഥാനത്തിലാകണം. കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരൊറ്റ നിർമ്മാണ രീതിയാകരുത്. ഈ രേഖയിലെ നിർദ്ദേശങ്ങൾ യുഡിഎഫിന് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി നയ സമീപന രേഖ ജനങ്ങൾ ഏറ്റെടുക്കണമെന്ന് മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. കിഴക്കൻ മലകൾ അപ്പാടെ ലോറികളിൽ കയറി പോയപ്പോൾ ആരും വിഷമിച്ചില്ല. എന്നാൽ, കർണാടകയിൽ ഒരു ലോറിയെ മണ്ണ് കൊണ്ടുപോയപ്പോൾ കേരളം ഞെട്ടി. മാധ്യമങ്ങൾ അതിന് പിന്നാലെയായിരുന്നു. പണ്ട് വയൽ സംരക്ഷിക്കണമെന്ന് ആരും ആരോടും പറഞ്ഞില്ല. വികസനം വന്നതോടെ നെൽവയൽ ഇല്ലാതായി. വികസനം എന്നാൽ വേഗത എന്നാണ് ചിലർ കരുതുന്നത്. പരിസ്ഥിതിയെ തിരിച്ചെടുത്താലെ ജീവിതം തിരിച്ചെടുക്കാൻ കഴിയൂ.ആർഭാടം ആസ്വാദനമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സമ്മർദ്ദമുണ്ടായാൽ ഒരു ഭരണകക്ഷിയും പിന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ രാധാകൃഷ്ണൻ (തണൽ) രേഖയും എം രമിത് ഭാവി രേഖയും സമർപ്പിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജെ ബാബു സ്വാഗതവും വീണ മരതൂർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ ഇ കുഞ്ഞികൃഷ്ണൻ, എസ് ഉഷ, സുഭാഷ് ചന്ദ്ര ബോസ്, ജോൺസൺ, ഹരിലാൽ, സിസ്റ്റർ മേഴ്സി, എബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.