ചെന്നൈ : ജല്ലിക്കെട്ട് കാളയ്ക്ക് പൂവന്‍കോഴിയെ ജീവനോടെ തിന്നാന്‍ കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. സേലം ജില്ലയിലെ ചിന്നപ്പട്ടിയിലാണു സംഭവം. യുട്യൂബര്‍ രാഗുവിന്റെ അക്കൗണ്ടുകളിലാണു ദൃശ്യങ്ങള്‍ പങ്കുവച്ചത്.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള ജല്ലിക്കെട്ടിന്റെ പ്രധാന മത്സരങ്ങള്‍ മധുര അളങ്കാനല്ലൂരില്‍ സമാപിച്ചതിനു പിന്നാലെയാണു വീഡിയോ ചര്‍ച്ചയായത്. മൂന്നു പേര് ചേര്‍ന്നു കാളയെ പിടിച്ചുനില്‍ക്കുന്നതാണു ദൃശ്യങ്ങളില്‍. ഒരാള്‍ ആദ്യം മാംസം കാളയ്ക്കു കൊടുക്കുന്നുണ്ട്. പിന്നാലെ, കാളക്കൂറ്റന്റെ വായിലേക്കു പൂവന്‍കോഴിയെ ജീവനോടെ വയ്ക്കുന്നതും കാണാം.
സംഭവത്തില്‍ പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ എയിം ഇന്ത്യ (പിഎഫ്സിഇ) ഫൗണ്ടര്‍ അരുണ്‍ പ്രസന്നയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സമാനരീതിയില്‍ കാളകളുടെ ഉടമകളും ഇതേ രീതി പിന്തുടരാന് സാധ്യതയുണ്ടെന്നതാണു തന്റെ ഭയമെന്നു പരാതിക്കാരന് പറഞ്ഞു.