നൂഹ്: ഹരിയാനയിൽ മുസ്ലിം വിഭാഗത്തിനെതിരെ നോട്ടീസ് പുറത്തിറക്കി ജൈനാബാദ് ഗ്രാമമുഖ്യൻ. നൂഹ് ജില്ലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ ഒരു വിഭാഗം മാത്രമാണെന്ന് നോട്ടീസിൽ ആരോപിക്കുന്നു. ജൈനാബാദ് ഗ്രാമ നിവാസികൾക്കായി ഗ്രാമമുഖ്യൻ പുറത്തിറക്കിയ സർക്കുലറിലാണ് മുസ്ലിം വിരുദ്ധ നിലപാടുകൾ ഉള്ളത്. നൂഹ് ജില്ലയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ ഗ്രാമസഭ ചേർന്ന് എടുത്ത തീരുമാനങ്ങൾ എന്ന രീതിയിലാണ് സർക്കുലറിലെ പ്രസ്താവനകൾ. മുസ്ലിം സമുദായത്തെ ഗുണ്ടാ സംഘത്തോടാണ് സർക്കുലറിൽ ഉപമിച്ചിരിക്കുന്നത്.
ഇവർക്ക് കൃഷി ചെയ്യാനോ കച്ചവടങ്ങൾ നടത്താനോ ഗ്രാമ പഞ്ചായത്ത് ഇനി അനുമതി നൽകില്ലെന്ന് സർക്കുലറിൽ ഗ്രാമമുഖ്യൻ വ്യക്തമാക്കി. സ്വന്തം കെട്ടിടങ്ങളിലും സ്ഥലങ്ങളിലും കൃഷിയോ വ്യവസായമോ ചെയ്യുന്നതിന് തടസ്സമില്ലെന്നും സർക്കുലറിൽ പറയുന്നു. വാടക കെട്ടിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന മുസ്ലിംകളുടെ തിരിച്ചറിയൽ രേഖ കെട്ടിട ഉടമകൾ വാങ്ങിവെയ്ക്കാനും ഗ്രാമ പഞ്ചായത്ത് നിർദേശിച്ചു. നൂഹ് ജില്ലയിലെ സംഘർഷങ്ങൾക്ക് പിന്നാലെ 104 എഫ്ഐആറുകൾ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 210 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.