തിരുവനന്തപുരം : ബോബി ചെമ്മണൂരിന് ജയിലിൽ നിയമവിരുദ്ധമായി സഹായം ചെയ്തുവെന്ന പരാതിയിൽ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ. മധ്യമേഖല ഡിഐജി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോൾ ഡിഐജിയായ പി. അജയകുമാർ ജയിലിൽ എത്തിയിരുന്നു. കൂടെ ബോബിയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ജയിൽ ചടങ്ങൾ പാലിക്കാതെ ബോബി ചെമ്മണൂരുമായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകി. സൂപ്രണ്ടിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ച.
ബോബി ചെമ്മണൂരിന് ഫോൺ ഉപയോഗിക്കാൻ നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തൃശൂർ സ്വദേശികളാണ് ബോബിയെ കാണാനെത്തിയത്. പുറത്തുനിന്ന് ആളുകൾ എത്തിയത് ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. മധ്യമേഖലയിലെ ജയിൽ വകുപ്പിന്റെ അധികാരിയായ ഡിഐജി തന്നെ നിയമവിരുദ്ധ പ്രവർത്തനം നടത്തിയത് ഗുരുതര വീഴ്ചയായാണ് സർക്കാർ കാണുന്നത്.