കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബംഗളൂരുവില്‍ എത്തിയ തന്നെയും എംഎം ഹസ്സനെയും ബെന്നി ബെഹ്നാനെയും കാണാന്‍, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന മുന്‍ മന്ത്രി കെസി ജോസഫിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.
‘വിഷയത്തെക്കുറിച്ച് അച്ചു ഉമ്മനോട് മറ്റൊരു നേതാവ് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. അത് നമ്മുടെ വിജയന് പറ്റിച്ച പണിയാണ് എന്നാണ് പറയുന്നത്. ആരാണ് ആ വിജയന്? അത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ആണോ? കോട്ടയം ജില്ലയിലുള്ള പഞ്ചായത്ത് പ്രസിഡന്റ് പദവിയിലൊക്കെ ഇരുന്ന കോണ്‍ഗ്രസ് നേതാവ് വിജയ കുമാര്‍ ആണ് ആ വിജയന്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം? കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രചാരണമാണ് ഓഡിയോ ക്ലിപ്പ് വിവാദം’- ജെയ്ക് സി തോമസ് പറഞ്ഞു.
യുഡിഎഫിന്റെ സമുന്നതനായ ഒരു നേതാവ് മറ്റൊരുളാമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് മറ്റാര്‍ക്ക് പുറത്തുവിടാന്‍ കഴിയും, മറ്റാര്‍ക്ക് ചോര്‍ത്താന്‍ കഴിയും? അന്വേഷണം നടത്തി കണ്ടെത്തട്ടേ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ഭാഗമായാണ് വോട്ടെടുപ്പ് നടക്കുന്നത്. തുടക്കം മുതല്‍ തന്നെ താന്‍ ഒരിക്കല്‍പ്പോലും ആരേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. വ്യക്തി അധിക്ഷേപങ്ങള്‍ക്കും മഹത്വവത്കരണത്തിനുമല്ല ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തി, വികസനമാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ പുതുപ്പള്ളിയുടെ വികസനത്തെ സംബന്ധിച്ച് സ്നേഹ സംവാദമാകാമെന്ന് താനാണ് ആദ്യം പറഞ്ഞത്. അതിനോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം എന്തായിരുന്നു എന്ന് എല്ലാവര്ക്കും അറിയാം.- അദ്ദേഹം പറഞ്ഞു.