കോട്ടയം : പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് വിശുദ്ധ ഗീവർഗീസാണെന്ന് ജെയ്ക് സി. തോമസ്. പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നും ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു.
“പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളൂ, അത് കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും വിശ്വാസിക്കും അവിശ്വാസിക്കും ആ പുണ്യാളൻ വിശുദ്ധ ഗീവർഗീസ് സഹദായാണ്. വ്യക്തിപരമായ പരാമർശങ്ങൾക്കോ വിവാദങ്ങൾക്കോ പുതുപ്പള്ളിയിൽ പ്രസക്തിയില്ല’- ജെയ്ക് പറഞ്ഞു.
പുതുപ്പള്ളിയിൽ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്കിനെ തീരുമാനിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികണം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ശനിയാഴ്ച ജില്ലാ കമ്മിറ്റി കൂടിയതിന് ശേഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ശനിയാഴ്ച കോട്ടയത്ത് എത്തുന്നുണ്ട്. അദ്ദേഹമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം നടത്തുക.