ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു. ഇന്നലെ മുതല്‍ കാണാതായ സൈനികനാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
അര്‍ദ്ധ സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിന്റെ ദ്രുത പ്രതികരണ സേനയുടെ കമാന്‍ഡിങ് ഓഫീസര്‍ ആര്‍മി കേണല്‍ മന്‍പ്രീത് സിങ് ആണ് മരിച്ചത്. ഒളിവില്‍ കഴിയുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ജീവന് നഷ്ടമായത്. ഇതിന് പുറമേ കോക്കര്‍നാഗ് മേഖലയില്‍ ഭീകരരുമായി ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലിലാണ് കരസേന മേജര്‍ ആഷിഷ് ധോനക്, ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ടത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തില്‍ ജമ്മു കശ്മീര്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുഃഖം രേഖപ്പെടുത്തി. ചൊവ്വാഴ്ച രജൗരിയിലുള്ള നാര്‍ലയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
അനന്ത്നാഗില്‍ ഭീകരരുടെ ഒളിത്താവളമെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ സുരക്ഷാ സേന ഗ്രനേഡ് ആക്രമണം നടത്തി. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ഗ്രനേഡ് ആക്രമണം. ഇതിന് പുറമേ ഭീകര്‍ക്ക് നേരെ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ചതായും സൈന്യം അറിയിച്ചു.