തിരുവനന്തപുരം : സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി . നാടൻ ശൈലിയിലാണ് കുഞ്ഞാലികുട്ടി പ്രതികരിച്ചത്. ഗവർണർ വരുന്നത് കണ്ടു വാണം വിട്ടതുപോലെ പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
“ഗവർണർ വരുന്നത് കണ്ടു, വാണംവിട്ട പോലെ പോകുന്നതും കണ്ടു. വണങ്ങാൻ കാത്തുനിന്ന ഞങ്ങളെ തിരിഞ്ഞുപോലും നോക്കിയില്ല. നിയമസഭാ ഒരു ചടങ്ങായി മാത്രം അവസാനിപ്പിച്ചു. നിയമസഭയെ തന്നെ അപമാനിക്കുന്ന നടപടിയാണ് ഉണ്ടായത്. ദേശീയതലത്തിലോ കേരളത്തിലോ ഗവർണർമാരുടെ ഇത്തരം പ്രവർത്തികൾ ഞങ്ങൾ അനുകൂലിക്കില്ല. രണ്ടുമിനിറ്റ് കൊണ്ട് കാര്യങ്ങൾ അവസാനിപ്പിച്ച് പോകുന്നതാണ് കണ്ടത്”: കുഞ്ഞാലിക്കുട്ടി പറയുന്നു.ഗവർണർ നിയമസഭയെ കൊഞ്ഞനംകുത്തി കാണിച്ച അവസ്ഥയായിരുന്നു. വല്ലാത്തൊരു സംഭവമാണ് നിയമസഭയിൽ ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.