ബംഗളൂരു : ഇന്നലെ മുതല്‍ പെയ്യുന്ന ശക്തമായ മഴ ബംഗളൂരു നഗരത്തെ ദുരിതത്തിലാക്കി. ഈസ്റ്റ് ബംഗളൂരുവിലെ ബാബുസപല്യയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തി.
കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മഴ കാരണം തിങ്കളാഴ്ച രാത്രി ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ ഇരുപതിലേറെ വിമാനങ്ങളാണ് വൈകിയത്. അഞ്ചു വിമാനങ്ങള്‍ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി ബംഗളൂവില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ദേവനഹള്ളി, കോറമംഗല, സഹകര്‍നഗര്‍, ലെഹയങ്ക, ഹെബ്ബാള്‍, എച്ച്എസ്ആര്‍ ലേ ഔട്ട്, ബിഇഎല്‍ റോഡ്, ആര്‍ആര്‍ നഗര്‍, വസന്തനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ മഴ അതിരൂക്ഷമായിരുന്നു.
യെലഹങ്ക കേന്ദ്രീയ വിഹാര്‍ അപ്പാര്‍ട്ട്മെന്റ് പരിസരം വെള്ളത്തിലായി. ഈ മാസം ഇത് മൂന്നാം തവണയാണ് ഇവിടെ വെള്ളം പൊങ്ങുന്നത്. വടക്കന്‍ ബംഗളൂരുവിലെ പല അപ്പാര്‍ട്മെന്റുകളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ വെള്ളത്തിനടിയിലാണ്. ഓസ്റ്റിന്‍ ടൗണ്‍, എംഎസ് പാളയസ ടെലികോം ലേഔട്ട്, ബസവ സമിതി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലായി മുന്നൂറോളം വീടുകളില്‍ വെള്ളം കയറി. ബ്സുകളും ലോറികളും വെള്ളത്തില്‍ കുടുങ്ങിയ അവസ്ഥയിലാണ്. റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. മഴ തുടരുന്നതിനാല്‍ ഇന്ന് സ്കൂളുകള്‍ക്ക് അവധിയാണ്. എന്നാല്‍ കോളജുകള്‍ പ്രവര്‍ത്തിക്കും. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്.