ന്യൂഡല്‍ഹി : രാജ്യത്തെ ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നിരസിച്ച് സുപ്രീംകോടതി. സ്വതന്ത്ര വിപണി നിലനില്‍ക്കുന്ന ഇവിടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം സേവനങ്ങള്‍ ലഭ്യമായ മേഖലയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണമെന്ന് ചൂണ്ടിക്കാട്ടി രജത് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.
ഇതൊരു സ്വതന്ത്ര വിപണിയാണ്. നിരവധി ഓപ്ഷനുകള്‍ ഉണ്ട്. ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഇന്റര്‍നെറ്റ് നല്‍കുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും ജിയോയും റിലയന്‍സും നിയന്ത്രിക്കുന്നുണ്ടെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല.
കാര്‍ട്ടലൈസേഷന്‍ ആണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയെ സമീപിക്കാനും ബെഞ്ച് പറഞ്ഞു.