ന്യൂഡൽഹി : ജനതാദൾ യുണൈറ്റഡ് അധ്യക്ഷ പദവിയിലേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തിരിച്ചെത്തിയതിനുപിന്നാലെ അദ്ദേഹത്തിനും പാർടിക്കുമെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാർത്ത നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി ആക്ഷേപം. ജെഡിയു അണികളിലും സഖ്യകക്ഷികളിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ വാർത്ത നൽകണമെന്ന് നിരവധി മാധ്യമപ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദേശം ലഭിച്ചതായാണ് വിവരം. ഇത് തെളിയിക്കുന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിലടക്കം നിരന്നു.
ജെഡിയു അധ്യക്ഷപദം ഒഴിഞ്ഞ ലാലൻ സിങ് ആർജെഡിയിലേക്ക് പോകുമെന്നും നിതീഷ് എൻഡിഎയിലേക്ക് മടങ്ങുന്നുവെന്ന തരത്തിലും ദേശീയ മാധ്യമങ്ങൾ വാർത്ത ചമച്ചിരുന്നു. 12 എംഎൽഎമാരുമായി ലാലൻ സിങ് ആർജെഡിയിലേക്ക് പോകുമെന്ന ബിജെപി നേതാവ് സുഷീൽ മോദിയുടെ അവകാശവാദത്തിനും വലിയ വാർത്താപ്രധാന്യം ലഭിച്ചു. എന്നാൽ ഇരുനേതാക്കളും ഇത്തരം വാദങ്ങൾ ശക്തമായി തള്ളി. നിതീഷ് അധ്യക്ഷനായി തിരികെയെത്തിയ ദേശീയ എക്സിക്യൂട്ടീവ് യോഗം ബിജെപിയെ ശക്തമായി വിമർശിക്കുന്ന നാലുപ്രമേയം പാസാക്കി. ബിജെപി ഫാസിസ്റ്റ് ശക്തിയാണെന്ന് ഒരു പ്രമേയത്തിൽ പറയുമ്പോൾ പ്രതിപക്ഷകക്ഷികളുമായുള്ള ചർച്ചയ്ക്ക് നിതീഷിനെ ചുമതലപ്പെടുത്തുന്നതാണ് മറ്റൊരു പ്രമേയം.