ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. ഇഒഎസ്-09 ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പിഎസ്എല്‍വി-സി61 വിക്ഷേപണ വാഹനത്തിന് ഭൗമനിരീക്ഷണ ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല.
മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാന്‍ കാരണമായതെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പുലര്‍ച്ചെ 5:59നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. പക്ഷേ PS3 സോളിഡ് റോക്കറ്റ് മോട്ടോര്‍ ഘട്ടത്തില്‍ വിക്ഷേപണ വാഹനം പാതയില്‍ നിന്ന് വ്യതിചലിച്ചു. ഇതോടെ ദൗത്യം അവസാനിപ്പിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിക്കുകയായിരുന്നു.
സി-ബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (SAR) ഉപയോഗിച്ച് എല്ലാ തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളും ഒപ്പിയെടുക്കാന്‍ രൂപകല്‍പ്പന ചെയ്ത 1,696 കിലോഗ്രാം ഭാരമുള്ള EOS-09 ഉപഗ്രഹത്തെ 524 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാനായിരുന്നു വിക്ഷേപണം. പിഎസ്എല്‍എവിയുടെ 63 വിക്ഷേപണങ്ങളില്‍ മൂന്നാമത്തെ പൂര്‍ണ്ണ പരാജയമാണിത്. 2017 ന് ശേഷം ആദ്യമായാണ് പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് വി നാരായണന് സ്ഥിരീകരിച്ചു. എവിടെയാണ് പ്രശ്നം ഉണ്ടായതെന്ന് നിര്‍ണ്ണയിക്കാന്‍ എന്‍ജിനിയര്‍മാര്‍ ഫ്ലൈറ്റ് ഡാറ്റ വിശകലനം ചെയ്യാന്‍ ആരംഭിച്ചു.