തിരുവനന്തപുരം: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് സൂചന. സംഭവത്തില്‍ നാല് ഹരിയാന സ്വദേശികളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കോപ്പിയടിക്ക് പുറത്തുനിന്ന് സഹായം നല്കിയ നാല് പേരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ ജീവനക്കാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ സംഘത്തിലുള്ള ആളുകളാണ് കോച്ചിംഗ് സെന്ററിലെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതുന്നത്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാന്‍ വന്‍ തുകയാണ് വാങ്ങുന്നത്.കഴിഞ്ഞ ദിവസം പിടിയിലായ സുമിത്തിന്റെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്. സുനിലിന്റെ പേര് ഗൗതം ചൗഹാന് എന്നാണെന്നും മ്യൂസിയം പോലീസ് കണ്ടെത്തി.
സുനില്‍, സിമിത്ത് എന്നീ ഉദ്യോഗാര്‍ഥികളുടെ പേരില്‍ ഇവര്‍ പരീക്ഷ എഴുതുകയായിരുന്നു. ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്ത് ഇവര്‍ പുറത്തേക്ക് അയച്ച് കൊടുത്തു. ഉത്തരങ്ങള്‍ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴി കേട്ടാണ് ഉത്തരം എഴുതിയത്.വിക്രം സാരാഭായി സ്പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. സംഭവത്തില്‍ കോട്ടണ്‍ഹില്‍ സ്കൂളിലും പട്ടം സ്കൂളിലും പരീക്ഷ എഴുതിയവരാണ് പിടിയിലായത്.
പരീക്ഷ തുടങ്ങിയതിനു പിന്നാലെ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെവിക്കുള്ളില്‍ ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ് കണ്ടെത്തിയത്. പിന്നീട് പോലീസിന് വിവരം കൈമാറുകയായിരുന്നു. 75 മാര്‍ക്കിന് ഉത്തരങ്ങള്‍ എഴുതിയപ്പോഴാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. മറ്റേയാള്‍ക്ക് കൂടുതല്‍ ഉത്തരങ്ങള്‍ എഴുതാന്‍ സാധിച്ചിരുന്നില്ല.