ഗാസ : പലസ്തീൻ ജനതയ്ക്കു മേൽ പട്ടിണി ഒരു യുദ്ധആയുധമായി ഇസ്രയേൽ പ്രയോഗിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു.
വെള്ളം, ഭക്ഷണം, ഇന്ധനം ഇവ നിഷേധിക്കുകയും കാർഷികമേഖല തുടച്ചുനീക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. എന്നാൽ ഹ്യുമൻ റൈറ്റ്സ് വാച്ച് എപ്പോഴും ഇസ്രയേൽ വിരുദ്ധ നിലപാടു സ്വീകരിക്കുന്ന സംഘടനയാണെന്നും ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ കൂട്ടക്കൊലയിൽ മിണ്ടാതിരുന്നവർക്ക് ഇപ്പോൾ പ്രതികരിക്കാനുള്ള ധാർമിക അവകാശമില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഗാസയിൽ സാധാരണ ജനങ്ങൾക്കെത്തിക്കുന്ന ഇന്ധനവും ഭക്ഷണവും ഹമാസ് അവരുടെ തുരങ്കങ്ങളിലേക്കു കടത്തുകയാണെന്നും ഇതാണു പട്ടിണിക്കു കാരണമെന്നുമാണ് ഇസ്രയേൽ വാദം.
കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 110 പേർ മരിച്ചുവെന്നാണ് കണക്ക്.
ഇസ്രയേൽ കരയുദ്ധത്തിനു നേരെ ഒളിവിടങ്ങളിൽ നിന്നു ഹമാസ് നടത്തുന്ന തിരിച്ചടിയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 126 ആയി. വെള്ളക്കൊടി വീശി രക്ഷയ്ക്കു ശ്രമിച്ച മൂന്ന് ബന്ദികളെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് ഇസ്രയേൽ സൈന്യം തന്നെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇസ്രയേലിൽ പ്രതിഷേധം ശക്തമാണ്.
ബന്ദികളുടെ മോചനവും വെടിനിർത്തലും സംബന്ധിച്ച പുതിയ ധാരണയുണ്ടാക്കാൻ സിഐഎ ഡയറക്ടർ ബിൽ ബേൺസ് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനിയെയും ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ തലവനെയും കണ്ടു ചർച്ച നടത്തും.
ടെൽ അവീവിൽ എത്തിയിട്ടുള്ള യുഎസ് ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുമെന്നാണു സൂചന. ഹമാസിന്റെ തുരങ്ക ശൃംഖലകളിലേക്കു മാത്രമായി യുദ്ധം കേന്ദ്രീകരിക്കണമെന്ന യുഎസ് നിലപാട് മുന്നോട്ടു വയ്ക്കും.