കൊച്ചി : കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ആലുവ ഭാഗത്തേക്കും എസ്എന്‍ ജങ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ രാത്രി 11.30നായിരിക്കും. രാത്രി 10 മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ടാകും. മടക്ക ടിക്കറ്റ് മുന്‍കൂട്ടി വാങ്ങാനുള്ള സൗകര്യം ഒരുക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
അതിനിടെ ഐഎസ്എല്‍ മത്സരം കണക്കിലെടുത്ത് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ ചാത്യാത്ത് റോഡിലും പറവൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ ആലുവ, കണ്ടെയ്നര്‍ റോഡിലും പാര്‍ക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നും വരുന്നവര്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും ആലപ്പുഴയില്‍ നിന്നുള്ള വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളിലും പാര്‍ക്ക് ചെയ്യണം.
വൈകീട്ട് അഞ്ചിന് ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനെല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജംഗ്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി പോകണം. വൈകീട്ട് അഞ്ചിന് ശേഷം ചേരാനെല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്, എസ്എ റോഡ് വഴി പോകണമെന്ന് പൊലീസ് അറിയിച്ചു.