കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന നാളെ കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ഏഴ് മിനിറ്റ് ഇടവേളകളിലായിരിക്കും കൊച്ചി മെട്രോ അധിക സർവീസ് നടത്തുക .ഐ.എസ്.എൽ ഈ സീസണിലെ ആദ്യ ദിനം 30 അധിക സർവ്വീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്.
ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്.എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവീസ് 11.30ന് ആയിരിക്കും. രാത്രി പത്ത് മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കും. മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മടക്ക യാത്രയ്ക്കുള്ള ടിക്കറ്റും ആദ്യം തന്നെ വാങ്ങാം. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും.
രാത്രി 11.30വരെ മെട്രോ അധിക സർവീസ്
കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30വരെ മെട്രോ അധിക സർവീസ് ഏർപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബാൾ ആരാധകർക്കും മെട്രോ സർവീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.