കൊച്ചി: വിലക്കു കഴിഞ്ഞെത്തിയ ആശാൻ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്സ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തകർത്താണ് വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയത്. സൂപ്പർതാരം ദിമിത്രിയോസ് ഡയമന്റകോസും അഡ്രിയാൻ ലൂണയുമാണ് മഞ്ഞപ്പടയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്. ഡീഗോ മോറീഷ്യേയുടേതാണ് ഒഡിഷയുടെ ഏക ഗോൾ.
മുംബൈ എഫ്.സിയോട് അവരുടെ തട്ടകത്തിൽ തോൽവിയും നോർത്തീസ്റ്റ് യുനൈറ്റഡിനോട് കൊച്ചിയിൽ സമനിലയും ഏറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഇന്ന് സ്വന്തം ആരാധകര്‍ക്കു മുന്നില്‍ ജയമല്ലാതെ മറ്റൊരു ചിന്തയുണ്ടായിരുന്നില്ല. ആശാൻ തിരിച്ചെത്തിയത് ടീമിന് പതിന്മടങ്ങ് ഊർജം പകർന്നിരുന്നെങ്കിലും മത്സരം തുടങ്ങി 15-ാം മിനിറ്റിൽ തന്നെ ഒഡിഷ ആദ്യ ഷോക്ക് നൽകി. ഗൊദ്ദാർദിൻരെ അസിസ്റ്റിൽ ഒഡിഷ സ്ട്രൈക്കർ ഡീഗോ മൗറീഷ്യോ ബ്ലാസ്റ്റേഴ്സ് വല കുലുക്കുമ്പോൾ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഞ്ഞക്കടൽ നിശബ്ദമായി.
22-ാം മിനിറ്റിൽ ഒഡിഷയ്ക്ക് പെനൽറ്റി അവസരം വീണുകിട്ടിയതോടെ ബ്ലാസ്റ്റേഴ്സ് ക്യാംപിൽ വീണ്ടും നെഞ്ചിടിപ്പ്. എന്നാൽ, ഇത്തവണ ലക്ഷ്യം കാണാൻ മൗറിഷ്യോയ്ക്കായില്ല. ആദ്യ പകുതി അവസാനിക്കുമ്പോഴും ബ്ലാസ്റ്റേഴ്സിന് ഗോൾ മടക്കാനായില്ല.എന്നാൽ, 66-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റകോസ് മഞ്ഞപ്പടയുടെ രക്ഷകനായി. ഇടതു വിങ്ങിൽനിന്ന് ദെയ്സുകെ സകായി നൽകിയ പാസ് ഡയമന്റകോസ് കൃത്യമായി വലയിലാക്കുമ്പോൾ ഗാലറി ആർത്തിരമ്പുകയായിരുന്നു.
അധികം വൈകാതെ രണ്ടാം ഗോളും വന്ന് ബ്ലാസ്റ്റേഴ്സ് ലീഡുറപ്പിച്ചു. ഇത്തവണ നായകൻ അഡ്രിയാൻ ലൂണ തന്നെയാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്. വലതുവിങ്ങിലൂടെ ഓടിയെത്തി ബോക്സിലേക്ക് അതിമനോഹരമായി പന്ത് കോരിയിടുകയായിരുന്നു ലൂണ. ബ്ലാസ്റ്റേഴ്സ്-2, ഒഡിഷ-1. വിജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കുതിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.