ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദ ബന്ധം ആരോപിച്ച് മൂന്ന് സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇവർ ഭീകരർക്കു വേണ്ടി ധനസമാഹരണം നടത്തുകയും വിഘടനവാദ അജണ്ടയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കശ്മീർ സർവകലാശാലയിലെ പിആർഒ ഫഹീം അസ്ലം, പൊലീസ് കോൺസ്റ്റബിളായ അർഷിദ് അഹമ്മദ് തോക്കർ, റവന്യൂ ഉദ്യോഗസ്ഥനായ മുരാവത്ത് ഹുസൈൻ മിർ എന്നിവർക്കെതിരെയാണ് നടപടി.
പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസിനും (ഐഎസ്ഐ) തീവ്രവാദ സംഘടനകൾക്കും വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി വൃത്തങ്ങൾ പറയുന്നു. കശ്മീർ സർവകലാശാലയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയ്തിരുന്ന ഫഹീം അസ്ലം, ഭീകരൻ ഷബീർ ഷായുടെ സഹായിയായിരുന്നുവെന്നും ഇയാൾ ഐഎസ്ഐയിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ബിസിനസ് നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇയാൾ പ്രമുഖ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പതിവായി ലേഖനങ്ങൾ എഴുതിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ ജമ്മുകാഷ്മീരിലെ ഭീകരവാദത്തെ ഇവർ പിന്തുണച്ചിരുന്നുവെന്നും ഇന്ത്യൻ യൂണിയനിൽ നിന്ന് ജമ്മുകാഷ്മീർ വേർപിരിയുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കമാണ് ഇയാളുടെ ലേഖനങ്ങളിലുണ്ടായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനായ അർഷിദ് തോക്കർ 2006ലാണ് ജോലിയിൽ പ്രവേശിച്ചത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) അംഗങ്ങളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. റവന്യു വകുപ്പ് ജീവനക്കാരനായ മുറാവത്ത് ഹുസൈൻ മിർ വിഘടനവാദത്തിന്റെ കടുത്ത വക്താവായിരുന്നു. ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം), ജമ്മു ആൻഡ് കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) തുടങ്ങിയ നിരോധിത ഭീകര സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.