കെ രാധാകൃഷ്ണന് പകരം മന്ത്രിയായ ഒആർ കേളുവിന് രാധാകൃഷ്ണന്റെ വകുപ്പായിരുന്ന ദേവസ്വം കൊടുക്കാതെ പിണറായിയുടെ വിശ്വസ്തനായ വിഎന്‍ വാസവന് നല്‍കിയത് എസ്എന്‍ഡിപി യോഗം ജനറല്‍ വെള്ളാപ്പള്ളി നടേശനെ പ്രീണിപ്പിക്കാനാണെന്ന് സൂചന. വെള്ളാപ്പള്ളിയുടെ അടുത്തയാളാണ് വാസവന്. സിപിഎമ്മിന്റെ മുസ്ളീം പ്രീണനത്തിനെതിരെ കലാപക്കൊടിയുയര്ത്തിയിരിക്കുന്ന വെള്ളാപ്പള്ളിയെ എങ്ങനെയെങ്കിലും അടക്കി നിര്‍ത്തേണ്ടത് സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യമാണ്. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കണമെന്ന് മുസ്ളീം സംഘടനകള്‍ നിരന്തരമായി ആവശ്യമുന്നയിക്കുന്നുണ്ട്. സര്‍ക്കാരിനുമേല്‍ ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദ്ദവുമുണ്ട്. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അതിജീവിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ് നടേശനുമായി അടുത്ത ബന്ധമുള്ള വാസവന് ദേവസ്വം വകുപ്പ് നല്‍കിയതെന്ന് സിപിഎം വൃത്തങ്ങള്‍ സൂചന നല്കുന്നു.
ദശാബ്ദങ്ങളായി സിപിഎമ്മിനു കിട്ടിക്കൊണ്ടിരുന്ന ഈഴവ വോട്ടുകള്‍ ഇത്തവണ ബിജെപിയിലേക്കൊഴുകിയത് വലിയ തിരിച്ചടിയാണ് സിപിഎമ്മിനുണ്ടാക്കിയത്. വെള്ളാപ്പള്ളിയെ ഇനിയും പ്രകോപിപ്പിക്കേണ്ട എന്ന നിലപാടിലാണ് സിപിഎം. അദ്ദേഹത്തെ നവോത്ഥാന സമിതി ചെയര്മാന് സ്ഥാനത്ത് നിന്നും മാറ്റുക എന്ന മുസ്ളീം സംഘടനകളുടെ ആവശ്യത്തിന് വഴങ്ങിയാൽ അത് കൂടൂതല്‍ പ്രത്യാഘാതങ്ങളുണ്ടാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം ബിജെപിക്കെതിരായ കടുത്ത വിമര്‍ശനത്തില്‍ നിന്നും സിപിഎം പതിയെ പിന്‍വാങ്ങുന്ന കാഴ്ചയാണ് കാണുന്നത്. മുസ്ളീം വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടാതിരിക്കുകയും പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ കൈവിട്ടു പോവുകയും ചെയ്തതിന്റെ വിഷമത്തിലാണ് പാര്‍ട്ടി. ഇപി ജയരാജനെപ്പോലുള്ള നേതാക്കള്‍ക്കെതിരെയും കടുത്ത വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകുന്നുണ്ട്.
നവോത്ഥാനസമിതി ചെയര്മാന് സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ മാറ്റേണ്ടി വന്നാൽ പകരം ആരെന്ന ചോദ്യമാണ് ഉയരുന്നത്. സ്ഥാനം പോയാൽ വെള്ളാപ്പള്ളി പൊട്ടിത്തെറിക്കുമെന്നും അത് കൂടുതല്‍ അലോസരം പാര്ട്ടിക്കുണ്ടാക്കുമെന്നും സിപിഎമ്മിനറിയാം. സിപിഎമ്മില്‍ പിണറായി വിജയന് ദുര്‍ബലനാവുകയാണ് എന്ന് വെള്ളാപ്പള്ളി തിരിച്ചറിഞ്ഞു തുടങ്ങി. അതോടൊപ്പം ദേശീയ ജനാധിപത്യസഖ്യവും ബിജെപിയുമായി വളരെ അടുത്ത ബന്ധമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ബിഡിജെഎസ് എന്ന പാര്‍ട്ടിക്ക് കേരളത്തില്‍ അണികളും വോട്ടും കൂടിയിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റോ ഗവര്‍ണ്ണര്‍ സ്ഥാനമോ കിട്ടുമെന്ന പ്രതീക്ഷ വെളളാപ്പള്ളി കുടുംബത്തിനുണ്ട്. മോദിയുമായും അമിത് ഷായുമായും തുഷാറിന് വ്യക്തിബന്ധവമുണ്ട്.
പിണറായി കഴിഞ്ഞാല്‍ സിപിഎമ്മിന് പിന്നെ നേതാവില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയും ഇതു മുന്‍നിര്‍ത്തിയാണ്. ഈഴവ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കാര്യമായി പോകില്ലെന്നും വെള്ളാപ്പള്ളിക്കറിയാം. അതുകൊണ്ട് ബിജെപിയെ ചൂണ്ടിക്കാട്ടി ഒരു കളിക്കാണ് വെള്ളാപ്പള്ളിയൊരുങ്ങുന്നത്. കോണ്‍ഗ്രസിനോട് അദ്ദേഹത്തിന് കാര്യമായി താല്പര്യമില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ മാത്രമേ അങ്ങോട്ട് തിരിയുന്ന കാര്യം അദ്ദേഹം ആലോചിക്കൂ. നവോത്ഥാന സമിതി ചെയര്മാന് സ്ഥാനത്ത് നിന്നും വെള്ളാപ്പള്ളിയെ മാറ്റേണ്ടി വന്നാല്‍ പകരം എസ്എന്‍ഡിപി യോഗം മുന്‍ അധ്യക്ഷന്‍ സികെ വിദ്യാസാഗറിനെയാണ് സിപിഎം ആലോചിക്കുന്നത്. സമിതിയുടെ ചെയര്മാന് വെള്ളാപ്പള്ളി ആയതുകൊണ്ട് സഹകരിക്കാതെ നില്‍ക്കുകയായിരുന്നു വിദ്യാസാഗര്‍. വെള്ളാപ്പള്ളിയുടെ കടുത്ത എതിരാളിയുമാണ് അദ്ദേഹം. എന്നാല്‍ ഈഴവ സമുദായം അദ്ദേഹത്തെ എത്ര കണ്ട് അംഗീകരിക്കുന്നുണ്ടെന്ന കാര്യത്തില്‍ സിപിഎമ്മിന് സംശയമുണ്ട്.
മുസ്ളീം സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വെള്ളാപ്പള്ളിയെ നീക്കിയാല്‍ അത് ബിജെപി മുതലെടുക്കുമെന്ന ഭയം സിപിഎമ്മിന് നന്നായുണ്ട്. വെള്ളാപ്പള്ളി നടേശനെ മടിയിലിരുത്തി തങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ക്കെല്ലാം വിദഗ്ധമായി ഉപയോഗിച്ച സിപിഎമ്മിന് ഇപ്പോള്‍ വലിയ പ്രതിസന്ധി അദ്ദേഹം തന്നെയാണ്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ