ചെന്നൈ : ബിജെപി സര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി എല്‍ മുരുകന്. ഉദയനിധി സ്റ്റാലിന് എന്നത് തമിഴ് പേരാണോ?. ആദ്യം സ്വന്തം കുടുംബത്തില്‍ നിന്നും തമിഴ് പേരുകള്‍ തുടങ്ങണം. ആരും തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നില്ല. ഹിന്ദി പഠിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പഠിക്കാം. എന്തിനാണ് എതിര്‍ക്കുന്നത്?. കേന്ദ്രമന്ത്രി മുരുകന് ചോദിച്ചു.
ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) വിവേചനത്തിനായിട്ടാണ് നിലകൊള്ളുന്നത്. ആ പാര്‍ട്ടി സാമൂഹ്യനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ അവര്‍ അത് പാലിക്കുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഭാഷയുടെ പേരില്‍ രാഷ്ട്രീയം കൊണ്ടുവരരുത്. കേന്ദ്രമന്ത്രി എല്‍ മുരുകന് പറഞ്ഞു.
സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ ദമ്പതികള്‍ തങ്ങളുടെ കുട്ടികള്‍ക്ക് തമിഴ് പേരുകള്‍ നല്‍കണമെന്ന് ഉദയനിധി സ്റ്റാലിന് പറഞ്ഞതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കുട്ടിക്ക് മനോഹരമായ ഒരു തമിഴ് പേരിടാന്‍ ദമ്പതികളോട് അഭ്യര്‍ത്ഥിക്കുകയാണ്. കാരണം പലരും തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് അവരുടെ ശ്രമം. അതിന്റെ ഭാഗമായി തമിഴ് തായ് വാഴ്ത്തില്‍ നിന്നും പല വാക്കുകളും ഒഴിവാക്കിയെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
നേരത്തെ ഒരാള്‍ തമിഴ്നാടിന്റെ പേരുമാറ്റാന്‍ ശ്രമിച്ചുവെന്ന് ഗവര്‍ണറെ ഉദ്ദേശിച്ച് ഉദയനിധി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഒന്നാകെ എതിര്‍ത്തതോടെ മാപ്പു പറഞ്ഞു. ഇപ്പോള്‍ തമിഴ് തായ് വാഴ്ത്തില്‍ നിന്നും ദ്രാവിഡം പോലുള്ള വാക്കുകള്‍ ഒഴിവാക്കാനാണ് നീക്കം. ഡിഎംകെയുടെ അവസാന പ്രവര്ത്തകന് ജീവിച്ചിരിക്കുന്നതുവരെ, തമിഴ്, തമിഴ്നാട്, ദ്രാവിഡം തുടങ്ങിയവയെ തൊടാന്‍ പോലും കഴിയില്ലെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.