പത്മജാ വേണുഗോപാല്‍ ആരെയും അറിയിക്കാതെയാണ് ബിജെപിയിലേക്ക് ചാടിയത്, അത്കൊണ്ടുതന്നെ അതിന് തടയിടാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. എന്നാല്‍ ഷമ മുഹമ്മദ് അങ്ങിനെയല്ല, പാര്ട്ടിവിടുകയാണെങ്കില് എല്ലാവരെയും അറിച്ചുകൊണ്ടേ പോവുകയുളളു. കണ്ണൂരില്‍ നിന്നും ലോക്സഭയിലേക്ക് മല്‍സരിക്കണമെന്ന് അതിയായ ആഗ്രഹമുള്ളയാളായിരുന്നു എഐസിസി വക്താവ് ഷമ മുഹമ്മദ്. ജന്മം കൊണ്ടു കണ്ണൂര്‍ക്കാരിയും അതിലുപരി മുസ്ലിം വനിതയും.
പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ അമ്പത് ശതമാനം മുഖ്യമന്ത്രിമാര്‍ സ്ത്രീകള്‍ ആയിരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കു വിശ്വസിച്ചുപോയെന്ന അപരാധമേ ഷമ ചെയ്തുളളു. അതിന് അവര്‍ കോണ്‍ഗ്രസിലെ ആരുമല്ലെന്ന് വരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞുകളഞ്ഞു. അവസാനം സുധാകരനെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും വിശ്വസിപ്പിക്കാന്‍ എഐസിസി വക്താവ് എന്ന തന്റെ ഐഡന്റിന്റി കാര്‍ഡ് അവര്‍ക്ക് സമൂഹമാധ്യമത്തിലൂടെ പങ്ക് വയ്കേണ്ടിയും വന്നു. കുളം കലങ്ങുന്നത് മനസിലാക്കി ബിജെപിക്കാര്‍ ചാടിയിറങ്ങിയപ്പോഴേക്കും വിഡി സതീശന് അപകടം മണത്തു. ഉടന്‍ ഇടപെട്ടു. അത് കൊണ്ട് ഷമ തല്ക്കാലം ഒരു പൊടിക്കടങ്ങി. ഇനിയും തന്റെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പോടെ.
എന്നാല്‍ ഇവിടെ വിഷയം മറ്റൊന്നാണ്. പത്മജയും, ഷമയും ഒക്കെ പറയുന്നത് കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് കനത്ത അവഗണനയാണെന്നാണ്. പലപ്പോഴും ഒരു സ്ത്രീയെയും വിജയിക്കുന്ന സീറ്റുകളില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിലെ ഒരു നേതാവും സമ്മതിക്കല്ലത്രെ. മറ്റാരെയൊക്കെയോ വെട്ടാന്‍ വേണ്ടി മാത്രം രാജ്യസഭാ സീറ്റുകിട്ടിയ ജെബിമേത്തറെ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പുകളിലെ വനിതാ പ്രാതിനിധ്യം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നന്നെ കുറവാണ്. സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ രണ്ട് വനിതകളെ പാര്‍ലമെന്റിലേക്ക് മല്‍സരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് നിലവിലെ എംപിയായ ഒരു വനിതയെ മാത്രം, അതും പട്ടികജാതി സംവരണമുളള സീറ്റില്‍ മല്‍സരിപ്പിക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടുവനിതാ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു.
കേരളത്തില്‍ ആദ്യമായി ഒരുമന്ത്രിസഭയില് രണ്ടു സ്ത്രീപ്രതിനിധികളുണ്ടാകുന്നത് 2016 ലെ ഒന്നാം പിണറായി മന്ത്രിസഭ മുതലാണ്. കെ കെ ശൈലജയും, ജെ മേഴ്സിക്കുട്ടിയമ്മയും. രണ്ടാം പിണറായി മന്ത്രിസഭയില്‍ ആര് ബിന്ദുവും വീണാജോര്‍ജ്ജും മന്ത്രിമാരായി. ഇതൊന്നും കോണ്‍ഗ്രസും യുഡിഎഫും കണ്ടുപഠിക്കുന്നില്ലന്നാണ് അവിടെയുള്ള സ്ത്രീ നേതാക്കളുടെ പരാതി. ചാത്തന്നൂരില്‍ മല്‍സരിച്ച് പരാജയപ്പെട്ട ബിന്ദുകൃഷ്ണ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഡിസിസി ഓഫീസിലിരുന്ന് പൊട്ടിക്കരയുന്ന ചിത്രങ്ങളുമുണ്ടായിരുന്നു. സ്വന്തം പാര്ട്ടിക്കാര് അവരെ അവിടെ നിര്‍ദാക്ഷ്യണ്യം കാലുവാരുകയായിരുന്നു. താന്‍ ജയിക്കാന്‍ കാരണം ഉപതെരെഞ്ഞെടുപ്പിലായത് കൊണ്ടാണെന്നാണ് ഷാനിമോള്‍ ഉസ്മാന് പറയുന്നത്. തലമൊട്ടയടിച്ച് പാര്‍ട്ടി വിട്ട ലതികാ സുഭാഷിന്റെ നിയോഗം മലമ്പുഴയില്‍ മല്‍സരിച്ച് വീരചരമമടയാനായിരുന്നു.
വനിതാബില്‍ പാസായതിനുശേഷമുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും ഒരു സ്ത്രീ മാത്രമേയുള്ളുവെന്നാണ് ഷമ മുഹമ്മദ് ആരോപിക്കുന്നത്. ബിജെപിയാകട്ടെ തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ എല്ലാ സംസ്ഥാനത്തും മുന്തിയ പരിഗണനയാണ് വനിതകള്‍ക്ക് നല്‍കുന്നത്. 2029 ലെ ലോക്സഭാതെരെഞ്ഞെടുപ്പിന് മുമ്പ് 33 ശതമാനം വനിതാ സംവരണം യഥാര്‍ത്ഥ്യമാക്കാനാണ് ബിജെപി നീക്കം. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ 7 ലോക്സഭാ സീറ്റെങ്കിലും ഇരുമുന്നണികളും സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി വയ്ക്കേണ്ടി വരും. സിപിഎമ്മിനും ബിജെപിക്കും അത്തരത്തില്‍ സ്ത്രീകള്‍ക്കായി സീറ്റുകള്‍ മാറ്റിവയ്കാന്‍ യാതൊരു വൈഷ്യമ്യവും ഉണ്ടാകില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ എന്ത് സംഭവിക്കുമെന്നാണ് ആ പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ ചോദിക്കുന്നത്. പണ്ട് കെ കരുണാകരന് സാവിത്രി ലക്ഷ്മണനെയും, മാലേത്ത് സരളാദേവിയേയുമൊക്കെ ജയിപ്പിച്ചത് കോണ്‍ഗ്രസില്‍ കലാപം നടത്തി സീറ്റുവാങ്ങിക്കൊടുത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള നേതാക്കളാരും കോണ്‍ഗ്രസിലില്ലെന്ന് വനിതാ നേതാക്കളില്‍ പലരും പരിതപിക്കുന്നു.
ഭാഗ്യം കൊണ്ടാണ് ഇത്തണ ഷമ മുഹമ്മദ് ബിജെപിയിലെത്താതിരുന്നത്, പക്ഷെ നാളെ കോണ്‍ഗ്രസിലെ എത്ര വനിതാ നേതാക്കള്‍ മറിച്ചു ചിന്തിച്ചേക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എറണാകുളത്തെ ഒരു വനിതാ നേതാവ് ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നും കോണ്‍ഗ്രസില്‍ അകത്തള സംസാരമുണ്ട്. പത്മജാ വേണുഗോപാല്‍ ഒരു തുടര്‍ക്കഥയായി മാറുയാണെങ്കില് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു നഷ്ടക്കച്ചവടമായിരിക്കും.