രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. റായ്ബറേലിയിൽ രാഹുൽ ജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും വിലയിരുത്തല്‍. സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുന്നത് കൊണ്ട് ജയിച്ചു കയറാന്‍ കാര്യമായി ബുദ്ധിമുട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. 2019ല്‍ കോണ്‍ഗ്രസിന് ഉത്തർപ്രദേശില്‍ ലഭിച്ച ഏക സീറ്റും സോണിയാ ഗാന്ധി മല്‍സരിച്ച റായ്ബറേലിയാണ്.
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടാവുകയാണെങ്കില് ആര് അവിടെ മല്‍സരിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മല്‍സരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം അവസാന നിമിഷം വരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കേരളനേതാക്കളില്‍ കെസി വേണുഗോപാലിന് മാത്രമാണ് ഇക്കാര്യം അറിവുണ്ടായിരുന്നത്. വയനാടിനെ ഒരിക്കലും അനാഥമാക്കില്ലന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നുവച്ചാല്‍ നെഹ്റുകുടുംബത്തിലെ അംഗം തന്നെ വയനാട് മണ്ഡലത്തെ തുടര്‍ന്നും ലോക്സഭയില്‍ പ്രതിനിധീകരിക്കാനുണ്ടാകുമെന്നാണ് പാര്‍ട്ടി സൂചന നല്‍കുന്നത്. അങ്ങിനെ വരുമ്പോള്‍ അത് പ്രിയങ്കാഗാന്ധിയല്ലാതെ മറ്റാര് എന്ന ചോദ്യവും ഉയര്‍ന്നുവരുന്നു.
രാഹുല്‍ വയനാട് ലോക്സഭാ സീറ്റൊഴിഞ്ഞാല്‍ പിന്നെ പ്രിയങ്കയല്ലാതെ മറ്റാരെ നിര്‍ത്തിയാലും കയറിപ്പോരാന്‍ അത്ര എളുപ്പമല്ല എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. അത് അവര്‍ കെസി വേണുഗോപാലിനോട് സൂചിപ്പിച്ചിട്ടുമുണ്ട്. പ്രത്യേകിച്ച് ആനി രാജ വീണ്ടും മല്സരിക്കുകാണെങ്കില് അവര്‍ക്ക് മുന്തൂക്കമുണ്ടാവുമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നു. അതുകൊണ്ട് രാഹുല്‍ വയനാട് സീറ്റ് ഒഴിയുകയാണെങ്കില്‍ പ്രിയങ്കയല്ലാതെ മറ്റാരെയും പരീക്ഷിക്കാന്‍ താല്‍പ്പര്യമില്ലന്ന് തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്കക്ക് വലിയ പങ്കുണ്ട്. രാഹുലിനെപ്പോലെ തന്നെ പ്രിയങ്കയും വയനാടിനെ മനസ്സിലാക്കിയിട്ടുണ്ട്. ഈ മണ്ഡലത്തിലെ നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായ മുസ്ളീംലീഗാകട്ടെ പ്രിയങ്കക്ക് പൂര്‍ണ്ണപിന്തുണ നല്‍കുകയും ചെയ്യും. വയനാട് മണ്ഡലത്തിലെ ഏഴ് അസംബ്ളി മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ യുഡിഎഫും മൂന്നെണ്ണത്തില്‍ എല്‍ഡിഎഫുമാണ് ജയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതുമുന്നണിയുടെ അസംബ്ളി മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് വലിയ തേരോട്ടം നടത്താറുമുണ്ട്. എന്നാല്‍ ഇത്തവണ രാഹുല്‍ഗാന്ധി വയനാടിനൊപ്പം റായ്ബറേലിയിലും മല്‍സരിക്കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആരും കരുതിയില്ല. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരുടെ മനസില്‍ മാത്രമുണ്ടായിരുന്ന ഒരു ആശയമായിരുന്നു ഇത്.
വയനാട് പോലുളള സുരക്ഷിത മണ്ഡലം കൈവിടാന്‍ നെഹ്റു കുടുംബത്തിന് അശേഷം താല്‍പ്പര്യമില്ല. കാരണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് നൂറുശതമാനം ഉറപ്പുള്ള ഒരു പക്ഷെ ഇന്ത്യയിലെ തന്നെ ഏകമണ്ഡലമായിരിക്കും വയനാട്. അതുകൊണ്ട് ആ മണ്ഡലം മറ്റാര്‍ക്കെങ്കിലും വച്ചുമാറാന്‍ അവര്‍ക്ക് താല്പര്യവുമില്ല. രാഹുല്‍ ഗാന്ധി ഉത്തരേന്ത്യയില്‍ നിന്നും പ്രിയങ്ക ദക്ഷിണേന്ത്യയില്‍ നിന്നും മല്‍സരിക്കുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്നാണ് നെഹ്റു കുടംബത്തിന്റെ ഉപദേശകരുടെ നിലപാട്. കേരളത്തില്‍ രാഹുലിനെക്കാള്‍ പ്രിയങ്കയെ ഇഷ്ടപ്പെടുന്നവരാണ് കൂടുതല്‍ എന്നാണ് പൊതുവെ പറയാറുള്ളത്. ഇന്ദിരാഗാന്ധിക്ക് കേരളത്തിലുണ്ടായിരുന്ന വലിയ സ്വീകാര്യത പ്രിയങ്കക്കും ലഭിക്കുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെക്കുറിച്ച് പറയുന്നത്.
രാഹുല്‍ഗാന്ധി വയനാട് ഉപേക്ഷിക്കുകയാണെങ്കില്‍ അത് കേരളത്തില്‍ ഇടതുപക്ഷം വലിയ പ്രചാരണമാക്കി മാറ്റുമെന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ട് തന്നെയാണ് രാഹുല്‍ മാറുകയാണെങ്കില്‍ പകരം പ്രിയങ്കയല്ലാതെ ആരും വേണ്ടെന്ന നിലപാട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊള്ളുന്നത്. എറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കല്‍പ്പറ്റ, തിരുവമ്പാടി എന്നീ അസംബ്ളി മണ്ഡലങ്ങളില്‍ ക്രൈസ്തവ- മുസ്ലീംവോട്ടാണ് അതീവ നിര്‍ണ്ണായകം. നെഹ്റു കുടുംബത്തില്‍ നിന്നുള്ള ഒരംഗം മത്സരിച്ചാൽ ഈ വോട്ടുകളിൽ വലിയൊരു ഭാഗം കോണ്‍ഗ്രസിന് അനകൂലമായി വീഴുമെന്നാണ് നിഗമനം. രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്ന വന്‍ ഭൂരിപക്ഷം ഈ വോട്ട് ഏകീകരണത്തിന്റെ ഭാഗമായുണ്ടാകുന്നതാണെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നതും.
രാഹുല്‍ മാറുമ്പോള്‍ പ്രിയങ്ക, വീണ്ടും രാഹുല്‍ ഇത്തരത്തിലുള്ള രാഷ്ട്രീയം ദീര്‍ഘകാലത്തേക്ക് എത്ര കണ്ട് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന ചോദ്യവും സജീവമാണ്. കേരളം നെഹ്റു കുടുംബത്തിന്റെ രാഷ്ട്രീയപരീക്ഷണശാലയാകുന്നത് ഇന്നാട്ടിലെ പൊതുസമൂഹം എത്തരത്തില്‍ പരിഗണിക്കുമെന്നതും കണ്ടറിയേണ്ടതുണ്ട്.