സിപിഐയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന നിലപാടിലാണോ മുഖ്യമന്ത്രി പിണറായി വിജയന്. പി ശശി – അജിത്ത് കുമാര്‍ വിഷയത്തില്‍ ഇരുമ്പില്‍ കടിച്ച് പല്ല് കളഞ്ഞ അവസ്ഥയിലാണിപ്പോള്‍ സിപിഐ. ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയാണെന്ന് പറയുമ്പോഴും ആ വിലയൊന്നും സിപിഐക്ക് കൊടുക്കാന്‍ പിണറായി വിജയന് തെയ്യാറായിട്ടില്ല. എഡിജിപി അജിത്ത്കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന സിപിഐയുടെ ആവശ്യം പുല്ലുപോലെയാണ് പിണറായി വിജയന് തള്ളിക്കളഞ്ഞത്.
എഡിജിപി ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത് തികച്ചും തെറ്റായ നടപടിയായിപ്പോയെന്നും അക്കാര്യത്തില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്നുമായിരുന്നു സിപിഐയുടെ ആദ്യത്തെ ആവശ്യം. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്വം എഡിജിപി അനില്കുമാറിനുണ്ടെന്നും ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് അത് വലിയ തോതില്‍ സഹായകമായെന്നും സിപിഐ കരുതുന്നു. പൂരം കലക്കലിന്റെ അന്വേഷണ റിപ്പോര്‍ട്ട് അഞ്ചുമാസത്തിന് ശേഷം പുറത്ത് വിട്ടതില്‍ ദുരൂഹതയുണ്ടെന്നും സിപിഐ ഉറച്ച് വിശ്വസിക്കുന്നു. ഇതിന് ഉത്തരവാദിയായ എഡിജിപിക്കെതിരെ നടപടി വേണമെന്ന് ഇടതുമുന്നണി യോഗത്തിലും സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ അതൊന്നും കേട്ടഭാവം പോലും കാണിച്ചില്ല.
സിപിഐയെ സംബന്ധിച്ചിടത്തോളം ഇടതുമുന്നണിയില്‍ നില്ക്കാന് കഴിയാത്ത അവസ്ഥയാണ് അനുദിനം സംജാതമായിക്കൊണ്ടിരിക്കുന്നത്. രണ്ടാമത്തെ ഏറ്റവും വലിയ ഘടകകക്ഷിയായിട്ടും, സിപിഎം കഴിഞ്ഞാല്‍ റവന്യു അടക്കം ഏറ്റവും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും മുന്നണിയില്‍ അത്തരത്തിലൊരു പരിഗണന ലഭിക്കുന്നില്ലന്ന പരാതി സിപിഐക്കുണ്ട്. കാനം രാജേന്ദ്രനുള്ളപ്പോള് പിണറായി അദ്ദേഹത്തെ തനിക്ക് തുല്യനായി കരുതിയിരുന്നു. എന്നാല്‍ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായതോടെ ആ പരിഗണന പിണറായി നല്കുന്നില്ലന്നാണ് സിപിഐക്കുളള പരാതി. സിപിഐയിലെ കടുത്ത വിഭാഗീയതയും അതിന് കാരണമാകുന്നുണ്ട്.
സിപിഐയെ ഇടതുമുന്നണിയില്‍ നിര്‍ത്താന്‍ പിണറായിക്ക് വലിയ താല്‍പ്പര്യമില്ലന്ന രീതിയിലുള്ള സംസാരം സിപിഎമ്മിന്റെ ചില ഉന്നത നേതാക്കള്‍ക്കിടയിലുണ്ട്. സിപിഐ മുന്നണിയില്‍ നിന്ന് പോയാല്‍ പകരം മുസ്ളീം ലീഗ് ഇടതുമുന്നണിയിലെത്തിയേക്കാമെന്ന സൂചനയാണ്് അവര്‍ നല്‍കുന്നത്. കാരണം വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ സിപിഐയുടെ ചില സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുമെന്ന സൂചനയുമുണ്ട്. ചിലപ്പോള്‍ പറവൂര്‍ അടക്കമുള്ള സീറ്റുകള്‍ സിപിഎം എടുത്തേക്കുമെന്ന പ്രചാരണവും നടക്കുന്നുണ്ട്്. തങ്ങളുടെ പരമ്പരാഗത സീറ്റുകള്‍ ഏറ്റെടുത്താല്‍ സിപിഐ ഇടയുമെന്ന കാര്യം ഉറപ്പാണ്. അപ്പോള്‍ അവരെ എങ്ങിനെ നേരിടണമെന്ന കാര്യത്തിലും സിപിഎമ്മിന് ചില പദ്ധതികളുണ്ട്. അതുകൊണ്ടാണ് സിപിഐ ഇത്ര കലാപം നടത്തിയിട്ടും പിണറായി അനങ്ങാത്തതെന്നാണ് സിപിഎം നേതാക്കള്‍ തന്നെ പറയുന്നത്.ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായതോടെ സിപിഐയില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്. കെ ഇ ഇസ്മായിലിനെപ്പോലെയുള്ള സീനിയര്‍ നേതാക്കൾ ബിനോയ് വിശ്വത്തിനെതിരാണ്. സിപിഐ മന്ത്രിമാരില്‍ ചിലരുടെ ‘ ഇടപാടുകള്‍’ മുഖ്യമന്ത്രി കയ്യോടെ പിടികൂടിയെന്നും അത് കൊണ്ട് അവര്‍ മുഖ്യമന്ത്രിക്കെതിരെ ഒരക്ഷരം മിണ്ടില്ലന്നും സിപിഐ യിലെ വിമത വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. സിവില്‍ സപ്്ളൈസ്, റവന്യു തുടങ്ങിയ വകുപ്പുകളെക്കുറിച്ച് വലിയ ആക്ഷേപമുണ്ട്.സിപിഎം നേതാക്കള്‍ പോലും സിപിഐയുടെ മന്ത്രിമാരെക്കുറിച്ച് പരാതി പറയുന്ന അവസ്ഥയിലെത്തിയിരുന്നു.സിപിഐ നല്കുന്ന മുന്നറിയിപ്പുകളെയൊക്കെ അവഗണിക്കാനാണ് ഇപ്പോള്‍ പിണറായിയുടെ തിരുമാനം.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്സിപിഐക്ക് മുഖമടച്ച മറുപടി തന്നെയാണ് പിണറായി നല്‍കിയത്. ആരെങ്കിലും പറയുന്നത് കേട്ട് ഉന്നത ഉദ്യോഗസ്ഥരെ മാറ്റാനൊന്നും കഴിയില്ല. അന്വേഷണം നടത്തിയാണ് അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് . എന്നുവച്ചാല്‍ സിപിഐ ആവശ്യപ്പെടും പ്രകാരം എഡിജിപിയെ മാറ്റാനൊന്നും പറ്റുകയില്ല. അതിന് തനിക്ക് വ്യക്തമായ കാരണങ്ങള്‍ വേണം. ചുരുക്കത്തില്‍ സിപിഐ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ ഘടക കക്ഷി നാല് മന്ത്രിമാര്‍ ഒരു ഡെപ്യുട്ടിസ്പീക്കര്‍ എന്നൊക്കെ വീമ്പ് പറയാമെന്നല്ലാതെ മറ്റൊന്നുമില്ല. പികെവിയും വെളിയം ഭാര്‍ഗവനും സികെ ചന്ദ്രപ്പനുമൊക്കെ സിപിഎമ്മിനെ വിറപ്പിച്ചിരുന്ന കാലമൊക്കെ സിപിഐക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ മധുരിക്കുന്ന ഓര്‍മ്മയാണ്.