2026 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 75 വയസുതികയുന്നത്. കേന്ദ്രത്തില്‍ ബിജെപി ഭരണം തുടരുകയാണെങ്കില്‍ 2026 ന്ശേഷം നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ജയില്‍ വിമുക്തനായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഈ ചോദ്യം ആദ്യം ഉയര്‍ത്തിവിട്ടത്. ആ ചോദ്യം ബിജെപിയെ നന്നായി ഉലക്കുകയും ചെയ്തു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ വെട്ടി നിരത്തി അമിത്ഷാക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വഴിയൊരുക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നാണ് അരവിന്ദ് കെജ്രിവാള് ആരോപിച്ചത്. കെജ്രിവാളിന്റെ ഈ പ്രസ്താവനയെക്കുറിച്ച് ആദ്യം ചില സംശയങ്ങള്‍ ഇന്ത്യാ മുന്നണിക്കുള്ളിലുള്ള പാര്‍ട്ടികള്‍ തന്നെയുയര്ത്തിയെങ്കിലും അമിത്ഷായെ മറുപടി പറയാന്‍ നിര്ബന്ധതിനാക്കുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയത്തെക്കൊണ്ടുവരാന് ആ പ്രസ്താവനക്ക് കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. മോദിക്ക് ശേഷം ആരെന്ന ചോദ്യം ബിജെപിക്കുള്ളില്‍ ഉയര്‍ന്നാല്‍ വലിയ പ്രതിസന്ധിയാണ് ആ പാര്‍ട്ടിക്കുണ്ടാവുക. ഇത് മനസിലാക്കിയാണ് കെജ്രിവാള് ഈ ആയുധം പ്രയോഗിച്ചതും.
നരേന്ദ്രമോദി ഇത്തവണ പ്രധാനമന്ത്രിയായാലും കാലാവധി തികക്കും മുമ്പ് രാജിവച്ചേക്കുമെന്നൊരു സംസാരം ബിജെപി ഉന്നത വൃത്തങ്ങളിലുണ്ട്. ഏതായാലും 2029 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലുണ്ടെങ്കില്‍ പോലും നരേന്ദ്രമോദിയായിരിക്കില്ല പാര്‍ട്ടിയെ നയിക്കുക എന്നതരത്തിലുള്ള ചര്‍ച്ചകള്‍ സംഘപരിവാര്‍ സംഘടനകളിലെ പ്രമുഖര്‍ രഹസ്യമായി നടത്തുന്നുണ്ട് . ഇപ്പോള്‍ 59 വയസുള്ള അമിത്ഷായായിരിക്കും അന്ന് പാര്‍ട്ടിയെ നയിക്കുക എന്നും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിക്കുക എന്നും ചില ബിജെപി നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്രമോദിയെ ഗുജറാത്തില്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവാക്കിമാറ്റിയത് മുഴുവന്‍ അമിത്ഷായുടെ ബുദ്ധിയും കഴിവുമാണെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. കലാപത്തിന് ശേഷം സംസ്ഥാനത്ത് വലിയൊരു യാത്ര മോദി നടത്തിയിരുന്നു.ഈ യാത്രയുടെ മുഴുവന്‍ ചുക്കാനും അമിത്ഷായുടെ കയ്യിലായിരുന്നു. അതേ തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മോദി അധികാരത്തില്‍ തുടര്‍ന്നത്. ആ മന്ത്രിസഭയിലാണ് ഷാ ആഭ്യന്തരമന്ത്രിയാകുന്നതും. അമിത്ഷായുടെ സംഘാടക ശക്തിയാണ് ഗുജറാത്തില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടാന്‍ മോദിയെ സഹായിച്ചത്. ആ വിജയങ്ങളാണ് അദ്ദേഹത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേര വരെ എത്തിച്ചതും. അപ്പോള്‍ ഷായെ വിട്ടിട്ട് ഒരുകളിക്കും മോദി നില്ക്കില്ലന്നാണ് ബിജെപിയുടെ ഉന്നത നേതാക്കള്‍ പലരും കരുതുന്നത്.
മോദിയുടെയും അമിത്ഷായുടെയും അതൃപ്തി ഭയന്ന് ഇത്തരം കാര്യങ്ങളൊന്നും ബിജെപി നേതൃത്വത്തില്‍ ആരും സംസാരിക്കുക പോലുമില്ല. തങ്ങളെക്കുറിച്ചുള്ള ചെറിയ ചര്‍ച്ചകള്‍ പോലും മോദിയും ഷായും പാര്‍ട്ടി നേതൃത്വത്തില്‍ അനുവദിക്കില്ല. ഇവര്‍ രണ്ടുപേരുമായി രാഷ്ട്രീയം സംസാരിക്കാന്‍ പോലും പലനേതാക്കള്‍ക്കും അനുവാദമില്ല. 75 വയസ് എന്ന പ്രായപരിധി കൊണ്ടുവന്നത് കൊണ്ട് രാജ്നാഥ് സിംഗ് അടക്കമുള്ള നേതാക്കള്‍ പലരും ഇത്തവണ മൂലക്കിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ബിജെപി വീണ്ടും മന്ത്രിസഭയുണ്ടാക്കുകയാണെങ്കില് ഇപ്പോള്‍ മന്ത്രിസഭയില്‍ ഉള്ള പലരും അതിലുണ്ടാകില്ല. ആ ലിസ്റ്റ് തയ്യാറാക്കുന്നത് അമിതാഷായും മോദിയും കൂടെയാണ്. ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ അവര്‍ നേടിയിട്ടുമുണ്ട്. ഭരണത്തില്‍ തങ്ങള്‍ ഇടപെടില്ലന്ന ഉറപ്പ് ആര്‍എസ്എസ് നേതൃത്വം നേരത്തെ തന്നെ മോദിക്ക് നല്‍കിയിട്ടുണ്ട്.
തന്റെ പതിനേഴാമത്തെ വയസിലാണ് അമിത്ഷാ നരേന്ദ്രമോദിയെ കണ്ടുമുട്ടുന്നത്. അന്ന് മോദി ഗുജറാത്തില്‍ അഹമ്മദാബാദ് അടക്കമുള്ള മൂന്ന് ജില്ലകളുടെ ആര്‍എസ്എസ് പ്രചാരകനായിരുന്നു. ഷാ ആകട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനും. 1986 കാലത്താണ് മോദി ബിജെപിയുടേ നേതൃനിരയിലേക്കെത്തുന്നത്. അതിന് ശേഷം രണ്ടായിരാമാണ്ടിലാണ് അദ്ദേഹം ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. അതിന് വഴിയൊരുക്കിയ അദ്വാനിയെ തന്നെ അദ്ദേഹം പിന്നീട് വെട്ടിയൊതുക്കുകയും ചെയ്തു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായെത്തിയപ്പോള്‍ തന്നെ പഴയ ശിഷ്യനും അന്ന് എംഎല്‍എയുമായിരുന്ന അമിത്ഷായെ തന്റെ കൂട്ടത്തില്‍കൂട്ടി. പിന്നെ ഗുജറാത്തില്‍ നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. മോദിയും അമിത്ഷായും പരസ്പരം സഹായത്താല്‍ നിര്‍മ്മിക്കപ്പെടുകയും പരസ്പരസഹായത്താല്‍ രാജ്യത്തെ ഏറ്റവും ശക്തരായ മനുഷ്യരായി മാറുകയും ചെയ്തവരാണ്. അതുകൊണ്ട് അമിത്ഷായല്ലാതെ മറ്റൊരു പിന്‍ഗാമിയെ മോദിക്ക് നിര്ദേശിക്കാനുണ്ടാകില്ല.
ആര്‍എസ്എസിനാകട്ടെ അല്‍പ്പം രസക്കുറവ് ഷായുമായുണ്ടെങ്കിലും അവരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുകൊടുത്താല്‍ തീരാവുന്ന പ്രശ്നമേ അതിലുള്ളു. ഏതായാലും ഒരുകാര്യം ഉറപ്പാണ്. മോദി ബിജെപിയുടെ സര്‍വ്വാധികാരി സ്ഥാനത്ത് നിന്നും മാറുന്ന ആ ദിവസം ഷാ ആ കസേരയിലെത്തും. അങ്ങിനെ സംഭവിച്ചല്ലങ്കില് ഇന്ത്യാ ചരിത്രത്തിലെ വലിയൊരു അത്ഭുതമായിരിക്കുമത്.