ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സാമൂഹ്യസാമ്പത്തിക വീക്ഷണം ഇടത്തോട്ടുമാറുകയാണോ? മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയും രാധികാ മര്‍ച്ചന്റും തമ്മിലുള്ള കല്യാണ മഹാമഹത്തിന് താനോ കുടുംബമോ മറ്റു കോണ്‍ഗ്രസ് നേതാക്കളാരുമോ പങ്കെടുക്കരുതെന്ന് രാഹുല്‍ ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് ഈ സംശയം ഉയര്‍ന്നത്. ആനന്ദ് അംബാനിയുടെ ഒരുമാസത്തിലധികം നീണ്ട വിവാഹമാമാങ്കത്തിന് മുകേഷ് അംബാനി നേരിട്ടെത്തിയാണ് സോണിയാഗാന്ധിയെ ക്ഷണിച്ചത്. എന്നാല്‍ നെഹ്റു കുടുംബമോ കോണ്‍ഗ്രസില്‍ നിന്നും ഏതെങ്കിലും ഒരു നേതാവോ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് രാഹുല്‍ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
നരേന്ദ്രമോദിയുമായി അംബാനിക്കും, അദാനിക്കും ഉള്ള ബന്ധത്തെക്കുറിച്ച് എല്ലാ വേദികളിലും വലിയ വിമര്‍ശനം ചൊരിയുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. അപ്പോള്‍ നെഹ്റു കുടുംബത്തില്‍ നിന്നോ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നോ ആരെങ്കിലും ആ വിവാഹത്തില്‍ പങ്കെടുത്താല്‍ വിമര്‍ശനമുണ്ടാകുമെന്നും അങ്ങിനെ വന്നാല്‍ തനിക്ക് രാഷ്ട്രീയപരമായി അതിനെ പ്രതിരോധിക്കാന്‍ കഴിയില്ലന്നും രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞു. ഇതോടെയാണ് വിവാഹത്തില്‍ കോണ്‍ഗ്രസ്നേതാക്കള്‍ ആരും പങ്കെടുക്കരുതെന്ന നിര്‍ദേശം അദ്ദേഹം നല്‍കിയത്. ഇന്ത്യയിലെ വ്യവസായ സമൂഹം മുഴുവന്‍ ബിജെപിക്കൊപ്പമാണ് നിലകൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും അവരില്‍ നല്ല സ്വാധീനവുമുണ്ട്. കോണ്‍ഗ്രസിനൊപ്പം നിലകൊള്ളാന്‍ വ്യവസായികളാരും കാര്യമായി തയ്യാറാകുന്നില്ല.
ഒരിക്കല്‍ കേന്ദ്ര സര്‍ക്കാരിന് നേരെ വിമര്‍ശനം ഉന്നയിച്ച രാഹുല്‍ ബജാജിനെ മോദിയും ഷായും ഇടപെട്ട് ഒതുക്കി നിര്‍ത്തി. ഇന്ത്യയുടെ ബഹുസ്വരത നഷ്ടപ്പെടുന്നുവെന്ന് വിലപിച്ച ഗോദ്റെദജ് ഉടമ ആദി ഗോദ്റെജിനെതിരെയും ബിജെപി തിരിഞ്ഞിരുന്നു. അതിന് ശേഷം ഒരു വ്യവസായ പ്രമുഖനും മോദിക്കും ബിജെപിക്കുമെതിരെ ഒരക്ഷം മിണ്ടിയിട്ടില്ല. ഇന്ത്യന്‍ വ്യവസായ സമൂഹമാകെ ബിജെപിയുടെ കൈക്കുള്ളിലായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോലും പണമില്ലാതെ കോണ്‍ഗ്രസ് ബുദ്ധിമുട്ടി. മോദിയെ ഭയന്ന് ആരും തിരിഞ്ഞുനോക്കിയില്ല. ബിജെപിയെ കൈ അയച്ചു സഹായിച്ചു വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യവസായ സമൂഹത്തോടു രാഹുലിന് അതുകൊണ്ട് തന്നെ ശക്തമായ എതിര്‍പ്പുമുണ്ട്.
മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനു സംബന്ധിച്ചാല്‍ പിന്നെ നരേന്ദ്രമോദിക്കെതിരെയുള്ള ആക്രമണത്തിന് ശക്തികുറയുമെന്നും രാഹുല്‍ ഭയക്കുന്നുണ്ട്. അംബാനിമാരുമായുളളമോദിയുടെയും ബിജെപിയുടെയും ബന്ധത്തെക്കുറിച്ച് പാര്ലമെന്റലിടക്കം വലിയ ആരോപണങ്ങള്‍ രാഹുല്‍ ഉന്നയിച്ചിട്ടുണ്ട്. താനോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ വിവാഹത്തില്‍ സംബന്ധിച്ചാല്‍ പിന്നീട് ബിജെപി തങ്ങള്‍ക്കെതിരെ അതുആയുധമാക്കി ഉപയോഗിക്കുമെന്നു രാഹുല്‍ഗാന്ധിക്ക് നന്നായി അറിയാം.ഇനി അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളില്‍ വലിയൊരു മാറ്റം ദൃശ്യമാകുമെന്ന സൂചനയും രാഹുല്‍ഗാന്ധി നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായിട്ട് കൂടിയായിരിക്കും ഇത്തരത്തിലൊരു വിവാഹത്തിന് പങ്കെടുക്കേണ്ടെന്ന നിലപാട് അദ്ദേഹം കൈക്കൊണ്ടതെന്നും വിശ്വസിക്കുന്നവരുണ്ട്.
മാനുഷിക മുഖമുള്ള ഉദാരവല്‍ക്കരണം, പൊതുമേഖലയെ പൂര്‍ണ്ണമായും കയ്യൊഴിയാതിരിക്കുക, സ്വകാര്യമേഖലയിലെ സംവരണം, ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുക,വ്യവസായങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുക തുടങ്ങിയ ഇടതുപക്ഷാശയങ്ങളായിരിക്കും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സാമ്പത്തിക നയത്തെ സ്വാധീനിക്കുക എന്ന സൂചനയുമുണ്ട്. ഇത് പൊതുവെ ഇന്ത്യന്‍ വ്യവസായ സമൂഹത്തിന് അത്യ പഥ്യമല്ലാത്ത നിലപാടുകളുമാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം ഇടത്തോട്ടുചായുന്നുവെന്ന സൂചനകള്‍ ലഭിച്ചത്. മോദി സര്‍ക്കാരിനെ നേരിടണമെങ്കില്‍ ഇടതു സാമ്പത്തിക നയത്തിലൂന്നി നിന്നുവേണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടുപോകാന്‍ പറ്റില്ലന്നും രാഹുല്‍ഗാന്ധി കരുതുന്നു.ഇന്ത്യമുന്നണിയുടെ പല നേതാക്കളും അംബാനി വിവാഹത്തില്‍ സംബന്ധിച്ചിരുന്നു. കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും നേതാക്കള്‍ മാത്രമാണ് മാറി നിന്നത്. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വലിയ ഗൗരവമുള്ളതാണെന്നും വെറും രാഷ്ട്രീയത്തിന് വേണ്ടി പറയുന്നതല്ലന്നും ഇന്ത്യയിലെ ജനങ്ങള്‍ക്കുമുന്നില്‍ തെളിയിക്കുക എന്നൊരു ഉദ്ദേശവും ഇതുവഴി രാഹുല്‍ഗാന്ധിക്കുണ്ട്