അമിത ആത്മവിശ്വാസം തങ്ങളെ അപകടത്തിലാക്കിയോ എന്ന് സംശയമാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് പിന്നിടുമ്പോള്‍ ബിജെപിക്കുള്ളത്. നാനൂറ് സീറ്റ് എന്ന ലക്ഷ്യം മുന്നില്‍ വച്ചു നീങ്ങിയ മോദിക്കും സംഘത്തിനും ഓരോഘട്ടത്തിലും കുറയുന്ന പോളിംഗ് ശതമാനം വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. പത്ത് വര്‍ഷം നീണ്ട മോദി ഭരണത്തോട് ജനങ്ങള്‍ക്കുള്ള വിപ്രതിപത്തിയും മടുപ്പുമാണ് പോളിംഗ് ശതമാനം കുറയുന്നതിന് പിന്നിലെന്ന് ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതോടെയാണ് ആദ്യഘട്ടത്തില്‍ എടുത്തുവീശിയിരുന്ന വികസനവും മോദി ഗ്യാരന്റിയുമെല്ലാം പരണത്ത് വച്ച് തീവ്രഹിന്ദുത്വയില് അഭയം തേടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
മൂന്നാം ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞപ്പോഴേക്കും സംഗതികള്‍ പറയുന്നത്ര എളുപ്പമല്ലന്ന് ബിജെപിക്കും മോദിക്കും വ്യക്തമായി. 2014,2019 കാലത്ത് കണ്ടിരുന്ന മോദി തരംഗം രാജ്യത്തു ഒരിടത്തും ദൃശ്യമാകുന്നില്ലെന്നും 400 സീറ്റെന്നത് കിട്ടാക്കനിയാണെന്നും ബിജെപിക്ക് തോന്നിത്തുടങ്ങി. 2020 ലെ കോവിഡ് വ്യാപനവും ലോക്ഡൗണും കഴിഞ്ഞതിന് ശേഷം ഇന്ത്യയുടെ ഗ്രാമീണ കാര്‍ഷിക മേഖലയില്‍ കാര്യമായ ഉണര്വ്വൊന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അടിസ്ഥാനപരമായി കാര്‍ഷിക രാജ്യമായ, എണ്‍പത് ശതമാനം ജനങ്ങളും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ കാര്‍ഷിക മേഖലയില്‍ കാര്യമായ കുതിച്ചുചാട്ടമൊന്നും കഴിഞ്ഞ പത്തുവര്‍ഷത്തെ മോദി ഭരണം കൊണ്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്യാത്ത ഭരണം എന്ന നിലയിലാണ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ ഇപ്പോള്‍ മോദി ഭരണത്തെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് വലിയ തോതില്‍ പോളിംഗ് ശതമാനം കുറയുന്നതും.
നാലാംഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞാല്‍ ഭരണത്തുടര്‍ച്ചയെന്ന ബിജെപിയുടെ സ്വപ്നത്തെ അതുബാധിക്കുമെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട് . തീവ്ര ഹിന്ദുത്വം ഒരു പരിധിവിട്ടാല്‍ തിരിച്ചടിക്കുമെന്ന ഭയവും ബിജെപിക്കുണ്ട്, നാലാംഘട്ടത്തിലും പ്രതീക്ഷിച്ചത്ര മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ കൂട്ടുകക്ഷി ഭരണത്തിന് തയ്യാറെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ മോദി വാജ്പേയിയെ പോലെ അല്ല , കൂട്ടുകക്ഷി സര്‍ക്കാരിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള മെയ് വഴക്കം മോദിക്കില്ലന്നാണ് ബിജെപിക്കുള്ളിലെ വിലയിരുത്തല്‍.
കഴിഞ്ഞ തവണ മുഴുവന്‍ സീറ്റുകളും ബിജെപി നേടിയ ഗുജറാത്തില്‍ ഇത്തവണ 3-4 സീറ്റുകള്‍ അവര്‍ക്ക് നഷ്ടപ്പെട്ടേക്കാമെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുന്നുണ്ട്. അത് പോലെ കര്‍ണ്ണാടകയിലും, മഹാരാഷ്ട്രയിലും ബിജെപിക്ക് 2019 ല്‍ ലഭിച്ചതിനെക്കാള്‍ കുറവ് സീറ്റുകളെ ലഭിക്കുവെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. കര്‍ണ്ണാടകയില്‍ ജെഡിഎസ് നേതാക്കള്‍ക്കെതിരായ ലൈംഗികാപവാദവും, മഹാരാഷ്ട്രയില്‍ ഷിന്‍ഡെ വിഭാഗം ശിവസേനക്കും അജിത് പവാര്‍ വിഭാഗം എന്‍സിപിക്കും ജനങ്ങള്‍ക്കിടയിലേക്ക് കാര്യമായി കടന്നുചെല്ലാന്‍ കഴിയാത്തതും ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64 സീറ്റാണ് എന്‍ഡിഎക്ക് ലഭിച്ചത്. ബിജെപി സഖ്യത്തിന് ലഭിക്കാവുന്ന പരമാവധി സീറ്റാണത്. ഇത്തവണ അതില്‍ കുറവ് സീറ്റുകളേ ലഭിക്കുകയുളളുവെന്നാണ് സൂചന.
2019 ല്‍ തങ്ങള്‍ക്കൊപ്പം നിന്ന പിന്നോക്ക- മുന്നോക്ക ഹിന്ദു വോട്ടുകളില്‍ വിള്ളല്‍ വീഴുന്നതും ബിജെപി തിരിച്ചറിയുന്നുണ്ട്. അവയെ കൂടെ നിര്‍ത്താനുള്ള ഭഗീരഥപ്രയ്നത്തിലാണ് നരേന്ദ്രമോദി. തീവ്രഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ ബിജെപി ഉയര്‍ത്തുന്നതും അതുകൊണ്ടാണ്. രാമക്ഷേത്ര നിര്‍മ്മാണവും , പൗരത്വഭേദഗതി നിയമവും, മുത്തലാക്ക് നിരോധനവുമൊന്നും ജനങ്ങള്‍ക്കിടയില്‍ വലിയൊരു തരംഗമൊന്നും സൃഷ്ടിച്ചില്ലന്ന് മോദിയും ബിജെപിയും മനസിലാക്കുന്നുണ്ട്. കോവിഡിനെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടം, ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ, കാര്‍ഷിക രംഗത്തെ വിലയിടിവ് ഇതൊന്നും അഭിസംബോധന ചെയ്യാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ലന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതായി സാമ്പത്തിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിരീക്ഷിക്കുന്നു. ഇതാണ് തെരഞ്ഞെടുപ്പിലെ താഴ്ന്ന വോട്ടിംഗ് ശതമാനം വ്യക്തമാക്കുന്നത്.
മൂന്നാം ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണ് ബിജെപിയില്‍. തീവ്രഹിന്ദുത്വത്തെ അമിതമായി ആശ്രയിച്ചാല്‍ ന്യുനപക്ഷ ഏകീകരണം ഉണ്ടാകുമോ എന്നഭയവും ബിജെപിക്കുണ്ട്. ന്യുനപക്ഷ ഏകീകരണം ഇന്ത്യാ മുന്നണിക്ക് അനുകൂലമായി ഭവിച്ചാല്‍ തങ്ങള്‍ക്ക് 100 ലധികം സീറ്റുകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് ബിജെപിക്കറിയാം. അതിനെയാണ് അവര്‍ ഭയക്കുന്നതും. നാലാംഘട്ടം കൂടി ഇതേമാതൃകയില്‍ തണുപ്പന്‍ മട്ടില്‍ പോവുകയാണെങ്കില്‍ വീണ്ടുമൊരു ബിജെപി ഭരണം കേന്ദ്രത്തില്‍ വരാന്‍ സാധ്യതയില്ലന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.