ബിനോയ് വിശ്വം സിപിഐയിലെ പിണറായി വിജയന് ആവുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയരുന്നത്. തനിക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന സിനീയര്‍ നേതാക്കളെയൊക്കെ വെട്ടിയൊതുക്കുന്ന കാര്യത്തില്‍ കാനം രാജേന്ദ്രനെക്കാള്‍ വൈദഗ്ധ്യമാണ് ബിനോയ് വിശ്വം കാണിക്കുന്നതെന്നാണ് സിപിഐക്കുള്ളിലെ സംസാരം. കേരളത്തിലെ ഏറ്റവും സീനിയര്‍ നേതാക്കളിലൊരാളായ പ്രകാശ് ബാബുവിനെ സിപിഐയുടെ ദേശീയ സെക്രട്ടറിയേറ്റിലേക്കയക്കാതെ പകരം ആനിരാജയെ അയച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് നേതാക്കള്‍ അടക്കം പറയുന്നത്.
ബിനോയ് വിശ്വത്തെ തന്റെ പിന്‍ഗാമിയായി കാനം രാജേന്ദ്രന് പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ആദ്യം എതിർപ്പുയര്‍ത്തിയത് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന പ്രകാശ് ബാബുവാണ്. പ്രകാശ് ബാബുവിന്റെ പിന്തുണയിലാണ് കെഇ ഇസ്മായിലിനെപ്പോലുള്ളവരും ബിനോയിക്കെതിരെ തിരിഞ്ഞത്. ഇതോടെ അദ്ദേഹം ബിനോയ് വിശ്വത്തിന്റെയും സംഘത്തിന്റെയും ഹിറ്റ് ലിസ്റ്റിലായി.
രാജ്യസഭാ സീറ്റ് സീനിയറായ പ്രകാശ് ബാബുവിന് അവകാശപ്പെട്ടതാണെന്ന് സിപിഐയിലെ പ്രമുഖ നേതാക്കളെല്ലാം പറഞ്ഞിട്ടും ജൂനിയറായ പിപി സുനീറിനാണ് ബിനോയ് വിശ്വം നല്‍കിയത്.
കാനം രാജേന്ദ്രന് മരിച്ചപ്പോള്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാകുമെന്ന് പലരും കരുതിയ ആളാണ് പ്രകാശ് ബാബു. എന്നാല്‍ ബിനോയ് വിശ്വത്തിന് തന്റെ ചുമതല കൈമാറണമെന്നാണ് മരണത്തിന് തൊട്ടുമുമ്പ് കാനം രാജേന്ദ്രന് പറഞ്ഞത്. കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ സെക്രട്ടറിമാര്‍ തന്നെ പിന്‍ഗാമികളെ നിശ്ചയിക്കുന്നത് ലോകത്തെങ്ങും പതിവില്ലാത്തതാണെന്നാണ് പ്രകാശ് ബാബുവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും അന്ന് പറഞ്ഞത്. ഇതോടെ ബിനോയ് വിശ്വവും അദ്ദേഹത്തെ പിന്തുണക്കുന്നവരും കൂടി പ്രകാശ് ബാബു, കെഇ ഇസ്മയില്‍ തുടങ്ങിയ നേതാക്കളെ ശത്രുപക്ഷത്ത് നിര്‍ത്തി. ഇതോടെയാണ് സിപിഐയില്‍ ആരംഭിച്ചത്.
ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവന്നതിലും കേരളത്തില്‍ നിന്നുള്ള പല നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പു തന്നെയുണ്ട്. വയനാട്ടില്‍ താന്‍ രാഹുല്‍ഗാന്ധിക്കെതിരെ മല്‍സരിച്ചത് തെറ്റായി പോയെന്ന് തുറന്ന് പറഞ്ഞയാളാണ് ആനിരാജ. കേരളത്തിലെ സിപിഐ നേതൃത്വത്തിന്റെ നിര്‍ബന്ധം മൂലമാണ് അങ്ങിനെ ചെയ്യേണ്ടി വന്നതും, ഇന്ത്യാമുന്നണിക്കെതിരെ ബിജെപി അത് പ്രചാരണായുധമാക്കിമാറ്റിയെന്നും ആനിരാജ തുറന്നടിച്ചിരുന്നു. സ്വന്തം പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായി പോയെന്ന് തുറന്ന് പറഞ്ഞയാളെ പാര്‍ട്ടിയുടെ പരമോന്നത സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത് അല്‍പ്പം കടന്നുപോയെന്ന് തന്നെയാണ് സിപിഐയിലെ പല നേതാക്കളുടെയും അഭിപ്രായം.
ബിനോയ് വിശ്വത്തിന് സിപിഎമ്മിന്റെ സമ്മര്‍ദ്ധത്തെ അതിജീവിക്കാന്‍ കഴിയില്ലെന്നും കുറെക്കൂടി മികച്ച ഒരു നേതൃത്വം ഇപ്പോള്‍ പാര്‍ട്ടിക്ക് അനിവാര്യമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വലിയ എതിര്‍പ്പാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ളത്. ഭക്ഷ്യസിവില്‍ സപ്ളൈസ്, കൃഷി,മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കെതിരെയാണ്
പാർട്ടി നേതൃത്വത്തില്‍ നിന്നും കടുത്ത എതിര്‍പ്പുളളത്. വലിയ കെടുകാര്യസ്ഥതയാണ് ഈ വകുപ്പുകളില്‍ നടമാടുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഈ വകുപ്പുകളെക്കുറിച്ച് കടുത്ത അസംതൃപ്തിയുണ്ടെന്നും സിപിഐയുടെ സംസ്ഥാന കമ്മറ്റിയോഗത്തില്‍ അഭിപ്രായം ഉയർന്നു.
സിപിഐയില്‍ കടുത്ത വിഭാഗീയത രൂപപ്പെടുകയാണെന്ന സൂചനകളാണ് ആ പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നത്. പാര്‍ട്ടി അണികളുമായി കാര്യമായി ബന്ധമുള്ള നേതാവല്ല ബിനോയ് വിശ്വം. കാനം രാജേന്ദ്രനെതിരെ വിമര്‍ശനങ്ങള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ അടിത്തട്ടില്‍ ബന്ധമുള്ള നേതാവായിരുന്നു അദ്ദേഹം. അതുകൊണ്ട് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. വളരെക്കാലം ട്രേഡ് യൂണിയന് രംഗത്ത് പ്രവര്‍ത്തിച്ചത് കൊണ്ടുള്ള അനുഭവ സമ്പത്തും അദ്ദേഹത്തിന് മുതല്‍ക്കൂട്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി യുവജന രംഗത്തും, ദേശീയ തലത്തിലും പ്രവര്‍ത്തിച്ചുവന്ന ബിനോയ് വിശ്വത്തിന് താഴെ തട്ടിലുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ഉള്ക്കൊണ്ടുമുന്നോട്ടുപോകാന് കഴിയുന്നില്ലന്നാണ് സിപിഐ നേതൃത്വത്തിലെ പഴയ കരുത്തര്‍ കരുതുന്നത്. ബിനോയ് വിശ്വത്തിനെതിരെ അവര്‍ വലിയ വെല്ലുവിളി തന്നെയാണ ഉയര്‍ത്തുന്നതും. എന്നാല്‍ മറ്റേത് കമ്യൂണിസ്റ്റുനേതാവിനെയും പോലെ എതിര്‍പ്പുകളെ അടിച്ചൊതുക്കാൻ തന്നെയാണ് ബിനോയ് വിശ്വത്തിന്റെ തിരുമാനം എന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.