ലഖ്നൗ : ഇറാനി കപ്പില്‍ മുംബൈക്കെതിരെ റസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. ഒന്നാം ഇന്നിങ്സില്‍ മുംബൈ ഉയര്‍ത്തിയ 537 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടരുന്ന റസ്റ്റ് ഓഫ് ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയില്‍. 6 വിക്കറ്റുകള്‍ കൈയിലിരിക്കെ മുംബൈ സ്കോറിനൊപ്പമെത്താന്‍ റസ്റ്റ് ഓഫ് ഇന്ത്യക്ക് ഇനി വേണ്ടത് 248 റണ്‍സ് കൂടി.
ഓപ്പണര്‍ അഭിമന്യു ഈശ്വരന്റെ കിടിലന്‍ സെഞ്ച്വറിയാണ് റസ്റ്റ് ഓഫ് ഇന്ത്യക്ക് കരുത്തായത്. താരം 151 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ തുടരുന്നു. 30 റണ്‍സുമായി ധ്രുവ് ജുറേലാണ് അഭിമന്യുവിനൊപ്പം ക്രീസില്‍.
സായ് സുദര്ശന് (32), ഇഷാന് കിഷന് (38), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍.
നേരത്തെ മുംബൈക്കായി സര്‍ഫറാസ് ഖാന് ഇരട്ട സെഞ്ചറിയുമായി (222) പുറത്താകാതെ നിന്നിരുന്നു. താരത്തിന്റെ കിടയറ്റ ബാറ്റിങാണ് മുംബൈക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (97), തനുഷ് കൊടിയാന്‍ (64), ശ്രേയസ് അയ്യര്‍ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.
റസ്റ്റ് ഓഫ് ഇന്ത്യക്കായി മുകേഷ് കുമാര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ദയാല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.